പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം: സർക്കാരിന് ഐക്യദാർഢ്യവുമായി പ്രമുഖർ

  • 26/05/2023

ദില്ലി: പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന വേളയിലെ പ്രതിപക്ഷ നിലപാടിനെതിരെ പ്രതികരിച്ച്‌ പ്രമുഖര്‍. 270 പേര്‍ സര്‍ക്കാരിന് ഐക്യദാര്‍ഡ്യവുമായി തുറന്ന കത്ത് അയച്ചു. പ്രതിപക്ഷം ഉന്നയിക്കുന്ന കാരണങ്ങള്‍ ബാലിശമെന്നാക്ഷേപം. പ്രധാനമന്ത്രിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച്‌ മുൻ അംബാസിഡര്‍മാരടക്കമുള്ള സംഘം രംഗത്തെത്തി.


പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്ക്കരിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എൻസിപി, എസ് പി, ആര്‍ജെഡി, സിപിഐ, സിപിഎം, മുസ്ലിംലീഗ്, ജാര്‍ക്കണ്ട് മുക്തി മോര്‍ച്ച, നാഷണല്‍ കോണ്‍ഫറൻസ്, കേരളാ കോണ്‍ഗ്രസ് എം, ആര്‍എസ്പി, രാഷ്ട്രീയ ലോക്ദള്‍, വിടുതലൈ ചിരുതൈഗല്‍ കച്ചി, എംഡിഎംകെ അടക്കം 19 പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയിറക്കിയിരുന്നു.

പ്രോട്ടോകോള്‍ ലംഘനം നടത്തി പാര്‍ലമെന്‍റ് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിലൂടെ രാഷ്ട്രപതിയെ മാത്രമല്ല ജനാധിപത്യത്തെ കൂടി പ്രധാനമന്ത്രി അപമാനിച്ചിരിക്കുകയാണെന്ന് പ്രസ്താവന കുറ്റപ്പെടുത്തുന്നു. ഭരണഘടനയുടെ 79 ആം അനുച്ഛദേമനുസരിച്ച്‌ രാഷ്ട്രപതിയാണ് പാര്‍ലമെന്‍റിന്‍റെ അവസാനവാക്ക്. എന്നാല്‍ അന്തസില്ലാത്ത പ്രവൃത്തിയിലൂടെ രാഷ്ട്രപതി തഴയപ്പെട്ടു. ആദിവാസി വനിത, രാഷ്ട്രപതിയായതിന്‍റെ സന്തോഷം കെടുത്തുന്ന തീരുമാനമായിപ്പോയെന്നും പ്രസ്താവന അപലപിക്കുന്നു. അതേ സമയം, ബി ആര്‍ എസ്, ബിജു ജനതാദള്‍, വൈ എസ് ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഇതുവരെയും നിലപാടറിയിച്ചിട്ടില്ല.

Related News