ചീറ്റയെ കണ്ടെത്തുന്നതിനായി നിയോഗിച്ച സംഘത്തെ പശുക്കടത്തുകാരാണെന്ന് തെറ്റിദ്ധരിച്ചു; ആക്രമണം,

  • 27/05/2023

ഭോപ്പാല്‍: സംരക്ഷിത വനമേഖലയില്‍ നിന്ന് പുറത്തുപോയ ആഷ എന്ന ചീറ്റയെ കണ്ടെത്തുന്നതിനായി നിയോഗിച്ച സംഘത്തിന് നേരെ ആക്രമണം. പശുക്കടത്തുകാരാണെന്ന് തെറ്റിദ്ധരിച്ചാണ് ചിലര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. മധ്യപ്രദേശിലെ ഷിയോപൂരിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള സംഘത്തിന് നേരെ വെള്ളിയാഴ്ച പുലര്‍ച്ചെ ബുരാഖേഡ ഗ്രാമത്തില്‍വെച്ചാണ് ആക്രമണമുണ്ടായത്. ഗ്രാമവാസികള്‍ സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു.


കല്ലേറില്‍ പരിക്കേറ്റ നാല് വനപാലകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചീറ്റയുടെ കഴുത്തില്‍ ഘടിപ്പിച്ച ജിപിഎസ് ട്രാക്കര്‍ ഉപയോഗിച്ച്‌ വനംവകുപ്പ് സംഘം അതിന്റെ ചലനങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. തിരച്ചിലിനിടെ രാത്രി ബുരാഖേഡ ഗ്രാമത്തിന് സമീപം സംഘം കടന്നുപോയി. കന്നുകാലി മോഷ്ടാക്കളാണെന്ന് ഗ്രാമവാസികള്‍ സംശയിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു. എന്നിട്ടും സംഘം പിൻവാങ്ങാതെ വന്നതോടെ കല്ലേറും ആക്രമണവുമുണ്ടായി.

ചീറ്റയെ തേടി വനംവകുപ്പ് സംഘം വാഹനത്തില്‍ ഗ്രാമത്തില്‍ പലതവണ ചുറ്റിക്കറങ്ങിയതാണ് നാട്ടുകാരില്‍ സംശയം ജനിപ്പിച്ചത്. ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആക്രമണത്തിന് ഉത്തരവാദികളെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം വേണമെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി കെ വര്‍മ പറഞ്ഞു.

Related News