പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പിടികൂടാൻ സഹായിച്ചാൽ ഏഴ് ലക്ഷം; ഇനാം പ്രഖ്യാപിച്ച് എൻഐഎ

  • 27/05/2023

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻഐഎ. മൂന്ന് ലക്ഷം മുതൽ ഏഴ് ലക്ഷം രൂപ വരെ നൽകുമെന്നാണ് പ്രഖ്യാപനം. പാലക്കാട് വല്ലപ്പുഴ പഞ്ചായത്തിലാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഫോട്ടോ ഉൾപ്പെടെയുള്ള പോസ്റ്റർ എൻഐഎ പതിച്ചിരിക്കുന്നത്. 

കൂറ്റനാട് സ്വദേശി ഷാഹുൽ ഹമീദ്, ഞാങ്ങാട്ടിരി സ്വദേശി അബ്ദുൾ റഷീദ് കെ, ശങ്കരമംഗലം സ്വദേശി മുഹമ്മദ് മൻസൂർ, നെല്ലായി സ്വദേശി മുഹമ്മദലി കെപി, പറവൂർ സ്വദേശി അബ്ദുൾ വഹാബ് പിഎ മുതലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പിടികൂടാൻ സഹായിക്കുന്നവർക്കാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. പേര് വിവരങ്ങളില്ലാത്ത മറ്റൊരു നേതാവിന്റേയും ചിത്രങ്ങൾ പോസ്റ്ററായി എൻഐഎ വല്ലപ്പുഴയിൽ പതിച്ചിട്ടുണ്ട്.

വാണ്ടഡ് എന്ന ലേബലിന് താഴെയായി പ്രവർത്തകരുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും പ്രതിഫലമായി നൽകുന്ന തുക അടക്കമുള്ള വിവരങ്ങളും പോസ്റ്ററുകളിലുണ്ട്. അഞ്ച് ദിവസങ്ങൾക്ക് മുൻപാണ് പോസ്റ്ററുകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വിവരം നൽകേണ്ട ഫോൺ നമ്പരും ഇ-മെയിൽ അഡ്രസ് ഉൾപ്പെടെയുള്ള വിവരങ്ങളും പോസ്റ്ററിലുണ്ട്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം ഇതുവരെ പിടിയിലാകാത്ത നേതാക്കളെ എത്രയും പെട്ടെന്ന് കണ്ടെത്താനാണ് എൻഐഎ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.

Related News