ബിഹാറിൽ സ്‌കൂളിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാമ്പ്; വിദ്യാർത്ഥികൾ ആശുപത്രിയിൽ

  • 27/05/2023

ബിഹാറിലെ സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാമ്പ്. ബിഹാറിലെ അരാരിയ ജില്ലയിലെ ഫോർബ്സ്ഗഞ്ചിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. ജോഗ്ബാനി മുനിസിപ്പൽ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളാണ് അമൗന മിഡിൽ. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിന് പിന്നാലെ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭക്ഷണം വിളമ്പുന്നതിനിടെ ഒരു വിദ്യാർത്ഥിയുടെ പ്ലേറ്റിൽ നിന്നാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. ഇതോടെ ഭക്ഷണ വിതരണം നിർത്തിവച്ചു. എന്നാൽ ഇതിനോടകം ഭക്ഷണം കഴിച്ച നൂറിലധികം വിദ്യാർത്ഥികൾക്ക് ഛർദിയും അസ്വസ്ഥതയും തുടങ്ങി. പിന്നാലെ കുട്ടികളെ ഫോർബ്സ്ഗഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

സംഭവം പുറത്തറിഞ്ഞതോടെ രക്ഷിതാക്കളടക്കം പരിഭ്രാന്തിയിലായി. നാട്ടുകാരും രക്ഷിതാക്കളും സ്‌കൂളിലെത്തിയതോടെ സംഘർഷാവസ്ഥയിലേക്കെത്തി. സാഹചര്യം രൂക്ഷമായതോടെ പ്രധാന ഗേറ്റ് അധികൃതർ അകത്തുനിന്ന് പൂട്ടി. ഗേറ്റ് തകർക്കാനും നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായി. അതേസമയം കുട്ടികളുടെ ആരുടെയും നില ഗുരുതരമല്ല.

Related News