ജനാധിപത്യത്തിലെ അവിസ്മരണീയ ദിനമാണ് ഇന്ന്: പ്രധാനമന്ത്രി

  • 28/05/2023

ദില്ലി: ജനാധിപത്യത്തിലെ അവിസ്മരണീയ ദിനമാണ് ഇന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ് ഇന്ന് പൂർത്തിയായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര സമര സേനാനികളുടെ സ്വപ്ന സാക്ഷാത്കാരത്തിൻറെ അടയാളമാണ് പുതിയ പാർലമെൻറ് മന്ദിരമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാർലമെൻറ് മന്ദിരത്തിൻറെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'മോദി' വിളികളോടെയാണ് സദസിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വരവേറ്റത്. അമൃത മഹോത്സവത്തിൽ ജനങ്ങൾക്കുള്ള ഉപഹാരമാണ് ഈ മന്ദിരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആത്മനിർഭർ ഭാരതത്തിൻറെ പുതിയ സൂര്യോദയത്തിൻറെ അടയാളമാണ് ഇതെന്നും പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്കും പുതിയ പ്രതീക്ഷകളിലേക്കും പുത്തൻ വഴികളിലേക്കും നീങ്ങുമെന്നും മോദി പറഞ്ഞു. ഭാരതം വളരുമ്പോൾ ലോകം വളരുന്നു. രാജ്യത്തിന്റെ വികസനത്തിൻറെ അടയാളം കൂടിയാണ് ഈ മന്ദിരം. പുതിയ പാർലമെൻറ് മന്ദിരത്തിൻറെ സ്ഥാപിച്ച ചെങ്കോൽ രാജ്യത്തിന് മാർഗദർശിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം കൂടുതൽ ഉന്നതിയിലേക്ക് നീങ്ങുകയാണ്. ആത്മനിർഭർ ഭാരത് അതിനുള്ള വഴികാട്ടിയാണെന്നും മോദി പറഞ്ഞു.

1200 കോടി രൂപ ചെലവിട്ട് നിർമിച്ച പാർലമെൻറ് കെട്ടിടമാണ് പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമർപ്പിച്ചത്. അധികാരകൈമാറ്റത്തിൻറെ പ്രതീകമായി സർക്കാർ അവകാശപ്പെടുന്ന ചെങ്കോൽ പ്രധാനമന്ത്രി തന്നെ  സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് സ്ഥാപിച്ചു. ശേഷം ഫലകം അനാച്ഛാദനം ചെയ്ത് പാർലമെൻറ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അതേസമയം, കോൺഗ്രസും ഇടത് പക്ഷവും, ആംആദ്മി പാർട്ടിയുമടക്കം 21 കക്ഷികൾ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടു നിന്നു. മതേതര രാജ്യത്ത് ഹൈന്ദവാചാര പ്രകാരം പ്രധാനമന്ത്രി പാർലമെൻറ് ഉദ്ഘാടനം ചെയ്തതിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. പിന്നാക്ക  വിഭാഗങ്ങളെ അവഗണിച്ച്  തെക്കേ ഇന്ത്യയിലെ തീവ്രനിലപാടുള്ള ബ്രാഹ്‌മണസംഘവുമായി പ്രധാനമനത്രി ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന സമാജ് വാദി പാർട്ടി വിമർശിച്ചു.

എന്ത് പാടില്ലെന്നാണോ ഭരണഘടന പറയുന്നത് അത് നടന്നുവെന്ന് മോദിയും സന്ന്യാസിമാരുമായുള്ള ചിത്രം പങ്കുവച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി. പാർലമെൻറിനെ ശവപ്പെട്ടിയോട് ഉപമിച്ച് ആർജെഡി രൂക്ഷ വിമർശനം ഉയർത്തി.അതേ സമയം ചെങ്കോലിനെ അനുകൂലിച്ചും, എതിർത്തുമുള്ള വാദങ്ങളെ അംഗീകരിച്ച ശശി തരൂർ എം പി വർത്തമാനകാല മൂല്യങ്ങളെ ഊട്ടി ഉറപ്പിക്കാൻ ചെങ്കോലിനെ സ്വീകരിക്കാമെന്ന് ട്വീറ്റ് ചെയ്തു.

Related News