ജന്തര്‍ മന്തറില്‍ വീണ്ടും സമരം ആരംഭിക്കുമെന്ന് ഗുസ്തി താരങ്ങള്‍

  • 28/05/2023

ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ വീണ്ടും സമരം ആരംഭിക്കുമെന്ന് ഗുസ്തി താരങ്ങള്‍. രാജ്യം ഇനി കാണാൻ പോകുന്നത് ഏകാധിപത്യം അല്ല മറിച്ച്‌ വനിതാ ഗുസ്തി താരങ്ങളുടെ സത്യാഗ്രഹമാണെന്ന് സാക്ഷി മാലിക്ക് വ്യക്തമാക്കിയിരുന്നു. ഇന്നലെ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ സമരവേദി ഡല്‍ഹി പൊലീസ് പൊളിച്ചുമാറ്റിയിരുന്നു. സമരത്തിന് പൊലീസ് അനുമതി നല്‍കിയേക്കില്ലെന്നാണ് സൂചന.


ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ ഗുസ്തി താരങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. കസ്റ്റഡിയിലെടുത്ത താരങ്ങളെ പൊലീസ് പിന്നീട് വിട്ടയച്ചു. ഒളിമ്ബിക്‌സ് മെഡല്‍ ജേതാക്കള്‍ അടക്കമുള്ള ഗുസ്തി താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയത്.

ഗുസ്തി താരങ്ങള്‍ക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ സി.പി.എം നേതാവ് സുഭാഷിണി അലി, ആനി രാജ തുടങ്ങിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

താരങ്ങളുടെ ശബ്ദം ബൂട്ടുകള്‍ കൊണ്ട് ചവിട്ടിമെതിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. എല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. താരങ്ങളോട് സര്‍ക്കാര്‍ ചെയ്യുന്നത് അനീതിയാണെന്നും പ്രിയങ്ക പറഞ്ഞു.

Related News