കെ വിദ്യക്ക് ഇടക്കാല ജാമ്യം

  • 27/06/2023

കാഞ്ഞങ്ങാട്: വ്യാജരേഖ ഹാജരാക്കി താത്കാലിക അധ്യാപക ജോലി നേടിയ സംഭവത്തില്‍ കെ വിദ്യക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം അനുവദിച്ചത്. വിദ്യയെ കസ്റ്റഡിയില്‍ വേണമെന്ന് നീലേശ്വരം പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടില്ല. അന്വേഷണവുമായി സഹകരിക്കുമെന്ന് വിദ്യയുടെ അഭിഭാഷകൻ അറിയിച്ചതോടെയാണ് ജാമ്യം ലഭിച്ചത്.


വ്യാജരേഖാ കേസില്‍ വിദ്യക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 201ാം വകുപ്പ് (തെളിവ് നശിപ്പിക്കല്‍) കൂടി നീലേശ്വരം പൊലീസ് ചുമത്തിയിരുന്നു. വ്യാജരേഖാ കേസില്‍ വിദ്യ തെളിവ് നശിപ്പിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിന് പിന്നാലെയാണ് വിദ്യയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്. ഇന്ന് രാവിലെയാണ് വിദ്യ ചോദ്യം ചെയ്യലിനായി നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. നാളെയും മറ്റന്നാളും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ വിദ്യ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കരിന്തളം ഗവണ്‍മെൻറ് കോളേജില്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയെന്ന കേസിലാണ് പൊലീസ് നടപടി. മഹാരാജാസ് കോളേജില്‍ താത്കാലിക അധ്യാപികയായി പ്രവര്‍ത്തിച്ചുവെന്ന വ്യാജരേഖയാണ് കേസിന് ആധാരം. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലാണ് വിദ്യയെ ചോദ്യം ചെയ്തത്. അട്ടപ്പാടി കോളേജിലെ സമാന കേസില്‍ അഗളി പോലീസിന് നല്‍കിയ മൊഴി വിദ്യ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു.

Related News