യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം

  • 27/06/2023

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. ഒരുമാസം നീണ്ടുനിൽക്കുന്ന ഓൺലൈൻ വോട്ടെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ കണ്ടെത്തുന്നത്. തെരഞ്ഞെടുപ്പിൻറെ മുന്നോടിയായി ഗ്രൂപ്പ് യോഗങ്ങൾ സജീവമായതോടെ പാർട്ടിയിലെ ഐക്യം നഷ്ടമായെന്ന പരാതി ഒരു വിഭാഗം നേതാക്കൾക്കുണ്ട്.

വാശിയേറിയ തെരഞ്ഞെടുപ്പിനുള്ള ഡിജിറ്റൽ പോസ്റ്ററുകൾ നിറഞ്ഞു. സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്ക് എ ഗ്രൂപ്പിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പിൽ നിന്ന് അബിൻ വർക്കിയുമാണ് ഏറ്റുമുട്ടുന്നത്. ഇരു ഗ്രൂപ്പിൽ നിന്നും വിമതരും സജീവം. ഗ്രൂപ്പിലാതെ മത്സരിക്കുന്നവർക്കും കുറവില്ല. മണ്ഡലം പ്രസിഡൻറ് മുതൽ സംസ്ഥാന പ്രസിഡൻറ് വരെയുള്ള ആറുവോട്ടുകളാണ് ഒരാൾക്കുളളത്. ഒരുമാസം വോട്ടെടുപ്പ് നീണ്ടുനിൽക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്താണ് യൂത്ത് കോൺഗ്രസിൽ അംഗമാകേണ്ടത്. തിരഞ്ഞെടുപ്പ് വോട്ടർ ഐഡിയും ഫോട്ടോയും വേണം. യൂത്തുകോൺഗ്രസ് അംഗമാകാൻ തയ്യാറാണെന്ന് പറയുന്ന എട്ടുസെക്കൻറ് വീഡിയോയും അപ്ലോഡ് ചെയ്യണം. അംഗത്വഫീസ് 50 രൂപ. സംസ്ഥാന വ്യാപകമായി ഗ്രൂപ്പുയോഗങ്ങൾ ചേർന്നാണ് സ്ഥാനാർഥികൾക്കായുള്ള വോട്ടുറപ്പിക്കുന്നത്. 

കെ സുധാകരൻ, വിഡി സതീശൻ, കെസി വേണുഗോപാൽ പക്ഷങ്ങൾക്ക് പ്രത്യേകം സ്ഥാനാർഥികൾ ഇല്ലാത്തതിനാൽ വിശാല ഐ ഗ്രൂപ്പിനുള്ള ശ്രമങ്ങളാണ് ഒരുപക്ഷത്ത്. സ്ഥാനാർഥി നിർണയത്തിൽ തർക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ ഒന്നിച്ചുപോകുകയാണ് എ ഗ്രൂപ്പ്. വിഡി സതീശൻറെ പിന്തുണകൂടി രാഹുൽ മാങ്കൂട്ടത്തിന് കിട്ടിയേക്കും. സ്ഥാനമൊഴിയുന്ന പ്രസിഡൻറ് ഷാഫി പറമ്പിലാണ് എ ഗ്രൂപ്പിൻറെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

Related News