സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് വെളളിയാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കും

  • 28/06/2023

തിരുവനന്തപുരം: ഡി .ജി.പിയും സംസ്ഥാന പൊലീസ് മേധാവിയുമായ അനില്‍കാന്ത് വെളളിയാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കും. 2021 ജൂണ്‍ 30 മുതല്‍ രണ്ടു വര്‍ഷമാണ് അനില്‍കാന്ത് സംസ്ഥാന പോലീസ് മേധാവിയായി പ്രവര്‍ത്തിച്ചത്.


1962 ജനുവരി അഞ്ചിന് ഡല്‍ഹിയിലാണ് അദ്ദേഹം ജനിച്ചത്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടി. 1988 ബാച്ചില്‍ ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍ കേരളാ കേഡറില്‍ പ്രവേശിച്ചു. റോഡ് സുരക്ഷാ കമ്മീഷണര്‍ സ്ഥാനത്തുനിന്നാണ് അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവി പദവിയിലെത്തിയത്. എ.എസ്.പി ആയി വയനാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു.

തുടര്‍ന്ന് ന്യൂഡല്‍ഹി, ഷില്ലോങ് എന്നിവിടങ്ങളില്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി. മടങ്ങിയെത്തിയശേഷം പൊലീസ് ട്രെയിനിംഗ് കോളേജില്‍ പ്രിന്‍സിപ്പലായി. തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും ജോലി ചെയ്തു. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണല്‍ എക്സൈസ് കമ്മീഷണര്‍ ആയിരുന്നു.

Related News