ത്യാഗ സ്മരണയിൽ ബലി പെരുന്നാൾ; സംസ്ഥാനത്തെ പള്ളികളിൽ പ്രത്യേക നമസ്‌കാരങ്ങൾ

  • 29/06/2023

തിരുവനന്തപുരം: ഇന്ന് ബലി പെരുന്നാൾ. ദൈവകൽപനയനുസരിച്ച് മകൻ ഇസ്മയിലിനെ ബലി നൽകാൻ തയ്യാറായ പ്രവാചകന്റെ ആത്മസമർപ്പണത്തെ അനുസ്മരിച്ചാണ് ലോകമെങ്ങും ഇസ്‌ളാം മത വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിക്കുന്നത്. സംസ്ഥാനത്തെ വിവിധ പള്ളികളിൽ പെരുന്നാൾ നമസ്‌കാര ചടങ്ങുകൾ നടക്കും. മഴ മുന്നറിയിപ്പുള്ളതിനാൽ പല ജില്ലകളിലും ഇക്കുറി ഈദ് ഗാഹുകൾക്ക് നിയന്ത്രണമുണ്ട്.

ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗ ത്തിൻറെ ഓർമ്മ പുതുക്കൽ കൂടിയാണ് ഈ ദിനം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകൻ ഇസ്മാ ഈലിനെ ദൈവ കൽപ്പന പ്രകാരം ബലി കൊടുക്കാൻ തീരുമാനിച്ചെങ്കിലും നബിയുടെ ത്യാഗ സന്നദ്ധത കണ്ട് മകന് പരം ആടിനെ ബലി നൽകാൻ ദൈവം നിർദേശിച്ചതായാണ് വിശ്വാസം. ഹജ്ജ് കർമ്മത്തിൻറെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാൾ. 

പള്ളികളിലും ഈദ്ഗാഹുകളിലും ഇന്ന് പ്രത്യേക നമസ്‌കാരം നടക്കും. ഈദ് നമസ്‌കാരത്തിന് ശേഷം വിശ്വാസികൾ ബലി കർമ്മം നിർവഹിക്കും. പിന്നീട് ബന്ധുക്കളെ സന്ദർശിച്ച് ആശംസകൾ കൈമാറി പെരുന്നാൾ ആഘോഷത്തിൻറെ നിറവിലേക്ക്. പരസ്പര സ്‌നേഹം പങ്കുവെച്ച് ബലി പെരുന്നാൾ ദിവസത്തെ എല്ലാവരും ധന്യമാക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പരിശുദ്ധ ഹജ്ജ് കർമ്മം ലോകത്തിന് നൽകുന്ന സന്ദേശം മനുഷ്യ സാഹോദര്യമാണെന്നും എല്ലാവർക്കും ബലിപെരുന്നാൾ ആശംസകൾ നേരുന്നെന്നും സാദിഖലി ശിബാഹ് തങ്ങൾ കൂട്ടിച്ചേർത്തു.

Related News