നവദമ്പതിമാരുടെ തല കൂട്ടി മുട്ടിച്ച സംഭവം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

  • 29/06/2023


പല്ലശ്ശനയില്‍ നവദമ്പതിമാരുടെ തല കൂട്ടി മുട്ടിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലങ്കോട് പോലീസിന് വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ജൂണ്‍ 25ന് പാലക്കാട് പല്ലശന സ്വദേശി സച്ചിനും കോഴിക്കോട് മുക്കം സ്വദേശിനി സജ്‌ലയും വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കയറുന്നതിനിടെയാണ് സംഭവം ഉണ്ടായത്. വരന്റെ മാതാവ് ഇരുവരേയും വീട്ടിലേക്ക് ആനയിക്കുന്നതിനിടെ പിന്നില്‍ നിന്നയാള്‍ വരന്റേയും വധുവിന്റേയും തലകള്‍ തമ്മില്‍ കൂട്ടിയിടിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. വീഡിയോയുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. അപ്രതീക്ഷിതമായി തല കൂട്ടിയിടിപ്പിച്ചപ്പോള്‍ വേദനകൊണ്ട് പുളഞ്ഞ വധു കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറിപ്പോകുന്നതും വീഡിയോയില്‍ കാണാം. 

Related News