ഏക സിവില്‍ കോഡ് ഫാസിസത്തിലേക്കുളള ചുവടുവെപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

  • 29/06/2023

തിരുവനന്തപുരം : ഏക സിവില്‍ കോഡ് ഫാസിസത്തിലേക്കുളള ചുവടുവെപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്നത്തെ സാഹചര്യത്തില്‍ ഏക സിവില്‍ കൊണ്ടു വരാൻ സാധിക്കില്ല. ഏക സിവില്‍ കോഡിനെ എതിര്‍ക്കുമെന്നും തെറ്റായ പ്രചരണത്തെ ഏറ്റവും പ്രതിരോധിക്കാൻ കഴിയുന്നത് കേരളത്തിനാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.


കേരളത്തിലെ ഇടത് സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച സിപിഎം സംസ്ഥാന സെക്രട്ടറി, എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി നടത്തില്ലെന്നും നയാ പൈസയുടെ അഴിമതി അനുവദിക്കില്ലെന്നും വിശദീകരിച്ചു. ആളെയും പാര്‍ട്ടിയെയും നോക്കിയല്ല കേസ് എടുക്കുന്നത്. സാമ്ബത്തിക തട്ടിപ്പ് കേസില്‍ കെ. സുധാകരനെ അറസ്റ്റ് ചെയ്തിട്ട് ഒരു പ്രതിഷേധം ഉണ്ടായിട്ടില്ല. തട്ടിപ്പ് നടത്തിയിട്ടാണ് സുധാകരനും സതീശനുമെതിരെ കേസ് എടുത്തതെന്നിരിക്കെ നേതാക്കള്‍ക്ക് എതിരെയുള്ള കേസിനെ രാഷ്ട്രീയമായി നേരിടുമെന്നാണ് കോണ്‍ഗ്രസ്‌ പറയുന്നത്. തട്ടിപ്പ് കേസുകള്‍ എന്ത് രാഷ്ട്രീയം പറഞ്ഞാണ് നേരിടുന്നതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.

ആര് എന്ത് ഫേസ്ബുക്കില്‍ എഴുതിയാലും മാധ്യമങ്ങള്‍ എന്ത് ചര്‍ച്ച ചെയ്താലും സിപിഎം നേതാക്കളുടെ പ്രതിഛായയെ കളങ്കപ്പെടുത്താൻ കഴിയില്ല. കാണുന്നതിന് അപ്പുറം കാണാൻ ശേഷിയുള്ള ജനങ്ങള്‍ ഉണ്ട്. തെറ്റായ നിലപാടിനെതിരെ പാര്‍ട്ടിക്കകത്ത് നടപടി എടുക്കും. ഒരു വിട്ടു വീഴ്ചയും ഉണ്ടാവില്ല. തെറ്റായ ഒരു പ്രവണതയും വെച്ച്‌ പൊറുപ്പിക്കില്ല. എല്ലാം പാര്‍ട്ടിയെ ഫലപ്രദമായി മുന്നോട്ട് കൊണ്ട് പോകാൻ വേണ്ടിയാണെന്നും ഗോവിന്ദൻ പറഞ്ഞു. പാഴ് മുറം കൊണ്ട് സൂര്യനെ മറക്കാൻ ആകില്ലെന്നും മുഖ്യമന്ത്രിയെ പിന്തുണച്ച്‌ എം വി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

Related News