മൊഴി നൽകാൻ നിർബന്ധിച്ചു, ഭീഷണിപ്പെടുത്തി; പൊലീസിനെതിരെ കെ.സുധാകരനും മോൻസണും

  • 01/07/2023

പൊലീസിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മോൻസൺ മാവുങ്കൽ കേസിൽ മൊഴി നൽകാൻ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ലോക്സഭാ സ്പീക്കറിന് സുധാകരൻ നൽകിയ പരാതിയിലുള്ളത്. പോക്സോ കേസിൽ കെ സുധാകരനെതിരെ പേര് പറയാൻ ഡിവൈഎസ്പി നിർബന്ധിച്ചെന്ന ആരോപണവുമായി മോൻസൺ മാവുങ്കൽ രംഗത്തെത്തി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ മോൻസൺ ഇക്കാര്യം ചൂണ്ടിക്കാട്ടി രേഖാമൂലം പരാതി എഴുതിനൽകി. 

മോൻസൺ കേസിന് പിന്നാലെ കെ സുധാകരന്റെ ആസ്ഥിയും വരുമാനവും കണ്ടെത്താനൊരുങ്ങുകയാണ് വിജിലൻസ്. ലോക് സഭാ സെക്രട്ടറി ജനറലിന് കത്ത് നൽകി കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ എസ് പി. എം പി എന്ന നിലയിൽ വരുമാനങ്ങളുടെ വിശദാംശങ്ങൾ നൽകാനാണ് നിർദേശം. സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുന്നതായി വിജിലൻസ് അറിയിച്ചു.

സുധാകരന്റെ കഴിഞ്ഞ 15 വർഷത്തെ വരുമാനവും സ്വത്ത് സമ്പാദനവും ആണ് അന്വേഷിക്കുന്നത്. പുതിയ അന്വേഷണം അല്ലെന്നും 2021ൽ തുടങ്ങിയതാണെന്നും വിജിലൻസ് സ്പെഷ്യൽ സെൽ പറഞ്ഞു. സ്പെഷ്യൽ അസി. കമ്മീഷണർ അബ്ദുൽ റസാക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കെ സുധാകരൻ നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

Related News