കൊച്ചിയെ കേരളത്തിന്റെ തലസ്ഥാനമാക്കണമെന്നത് കോണ്‍ഗ്രസ് നിലപാടല്ലെന്ന് വി.ഡി. സതീശൻ

  • 02/07/2023

കൊച്ചി: കൊച്ചിയെ കേരളത്തിന്റെ തലസ്ഥാനമാക്കണമെന്നത് കോണ്‍ഗ്രസ് നിലപാടല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ നിലപാടുമായി മുന്നോട്ട് പോകരുതെന്ന് ഹൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരളത്തിന്റെ തലസ്ഥാനം കൊച്ചിയാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഹൈബി ഈഡനെ വിളിച്ച്‌ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ല. ഈ ആവശ്യവുമായി മുന്നോട്ട് പോകില്ലെന്ന് ഹൈബി ഉറപ്പ് നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ ഇനിയൊരു വിവാദത്തിന്റെ ആവശ്യമില്ല. തലസ്ഥാനമാക്കാനുള്ള സൗകര്യങ്ങളൊന്നും കൊച്ചിക്കില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ വഴി ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താൻ സര്‍ക്കാര്‍ തയാറാകണം. വ്യക്തിപരമായ വിവരങ്ങള്‍ ഡാറ്റാ സെക്യൂരിറ്റി ഇല്ലാതെ ഊരാളുങ്കലിനെ ഏല്‍പ്പിച്ചത് എന്തിനെന്ന് അതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ വിശദമാക്കണം. എല്ലാം ഊരാളുങ്കലിന് കൊടുക്കുകയെന്നത് ഇപ്പോള്‍ സ്ഥിരം പരിപാടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News