ഏകീകൃത സിവിൽ കോഡ് ഹിന്ദുത്വ അജണ്ട; കൈതോല വിവാദത്തിലും നിലപാട് വ്യക്തമാക്കി സിപിഐഎം

  • 02/07/2023

കൈതോലപ്പായ വിവാദത്തിലും ഏകീകൃത സിവിൽ കോഡിലും നിലപാട് വ്യക്തമാക്കി സിപിഐഎം. കൈതോലപ്പായയിൽ ഉന്നത സിപിഐഎം നേതാവ് പണം കടത്തിയെന്ന ആരോപണം മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐഎമ്മിന് ഇക്കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതില്ല. വിവാദം സ്വയം എരിഞ്ഞടങ്ങിക്കോളും. അവരെല്ലാം സിപിഐഎം വിരുദ്ധ ചേരിയിലെ മുൻനിര വലതുപക്ഷക്കാരാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. ബിരിയാണി ചെമ്പിലും ഖുർആനിലും സ്വർണം കടത്തിയെന്ന് ആരോപണങ്ങൾ പോലെയാണ് കൈതോലപ്പായ വിവാദമെന്നും സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

ഏകീകൃത സിവിൽ കോഡ് വിഷയത്തിലും സിപിഐഎം നിലപാട് ആവർത്തിച്ചു. നീക്കം ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ്. ബഹുസ്വരത പൂർണമായും ഇല്ലാതാക്കാനാണ് ഏകീകൃത സിവിൽ കോഡിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നത്. വിഷയത്തിൽ അവസരവാദ സമീപനമാണ് കോൺഗ്രസിനെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

'2025 ആകുമ്പോഴേക്കും ആർഎസ്എസിന്റെ നൂറാം വാർഷികമാകും. അപ്പോഴേക്കും ഈ ഹിന്ദുത്വ അജണ്ട വെച്ച് ഒരു ഏകീകൃത ഇന്ത്യ. അതാണ് ഫാസിസത്തിന്റെ രീതി. മതനിരപേക്ഷ ഇന്ത്യയെ തകർക്കുന്നതിന് ശ്രമിക്കുന്ന ആർഎസ്എസും സംഘപരിവാർ വിഭാഗങ്ങളുമാണ് ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ അണിയിച്ചൊരുക്കി ഇന്ത്യയിലുടനീളം പ്രചാരവേല നടത്തുന്നത്. ഏകീകൃത സിവിൽ കോഡിനെ എതിർത്തുകൊണ്ട് സംസ്ഥാനതല സെമിനാർ നടത്തും'. സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

Related News