അവശനായി ആശുപത്രിയിലെത്തി, സ്ട്രക്ച്ചറില്ല, തനിയെ പടികയറിയ ഗൃഹനാഥന് കുഴഞ്ഞുവീണു മരിച്ചു

  • 02/07/2023

കൊല്ലം: രോഗം ഗൂരുതരമായി ആശുപത്രിയിലെത്തിച്ച ഗൃഹനാഥനെ പടികയറ്റിച്ചു പാതിവഴിയിൽ വീണ് മരിച്ചതായി ആരോപണം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. കുറുമ്പാലൂർ സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുടുംബം കൊട്ടാരക്കര പോലീസിൽ പരാതി നൽകി. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് രാധാകൃഷ്ണനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്.

ഇഞ്ചക്ഷൻ നൽകി അഡ്മിറ്റ് ചെയ്ത ഇദ്ദേഹത്തെ വാർഡിലേക്ക് മാറ്റി. എന്നാൽ കിടക്കയില്ലെന്നും നോക്കട്ടെ എന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരണം. ഒടുവിൽ അവശനായ രാധാകൃഷ്ണനെ രണ്ടാമത്തെ നിലയിലേക്ക് പടികയറ്റുകയായിരുന്നു. പടികയറുന്നതിനിടയിൽ പാതിവഴിയിൽ കുഴഞ്ഞ് തന്റെ കൈയിലേക്ക് വീണ് മരിക്കുകയായിരുന്നു. സ്ട്രക്ച്ചറോ വീൽച്ചെയറിലോ കൊണ്ടുപോകാൻ റാമ്പ് തുറന്ന് നൽകാൻ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നും മകൻഅഭിജിത്ത് പറയുന്നു.

ഐസിയുവിലോ ഗ്രീൻ ഏരിയയിലോ വിദഗ്ധ ചികിത്സ നൽകിയിരുന്നെങ്കിൽ അച്ഛൻ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു. മൃതശരീരം ചുമന്ന് താഴെ എത്തിക്കേണ്ടിവന്നു. ഇതിനും ജീവനക്കാരുടേയും സെക്യൂരിറ്റിയുടേയും സഹായം അഭ്യർത്ഥിച്ചെങ്കിലും ആരും ചെന്നില്ലയെന്നും അഭിജിത്തിന്റെ പരാതിയിൽ പറയുന്നു.

പുറത്തുനിന്ന രണ്ട് പേരുടെ സഹായത്താലാണ് മൃതശരീരം താഴെ എത്തിച്ചത്. താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നു രാധാകൃഷ്ണൻ. ഇതിൽ അന്വേഷണം ആവശ്യമാണ്. സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് സുനിൽകുമാർ അറിയിച്ചു. കൊട്ടാരക്കര പോലീസിനും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കൾ പരാതി നൽകി.

Related News