കാട്ടാക്കട ക്രിസ്ത്യൻ കോളജ് യുയുസി ആള്‍മാറാട്ട കേസില്‍ രണ്ട് പ്രതികള്‍ക്കും ജാമ്യം

  • 19/07/2023

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജ് യുയുസി ആള്‍മാറാട്ട കേസില്‍ രണ്ട് പ്രതികള്‍ക്കും കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. ക്രിസ്ത്യൻ കോളേജ് മുൻ പ്രിൻസിപ്പല്‍ ജിജെ ഷൈജു, എസ്‌എഫ്‌ഐ നേതാവായിരുന്ന വിശാഖ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബഞ്ചിന്റേതാണ് തീരുമാനം. കേസില്‍ റിമാന്റില്‍ കഴിയുകയായിരുന്ന രണ്ട് പ്രതികള്‍ക്കും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജയിലില്‍ നിന്ന് പുറത്ത് കടക്കാനാവും.


കാട്ടാക്കട ക്രിസ്ത്യൻ കോളേജില്‍ വിദ്യാര്‍ത്ഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ യൂണിവേഴ്സിറ്റി യൂണിയൻ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത് എസ്‌എഫ്‌ഐ പ്രവര്‍ത്തകയായ വിദ്യാര്‍ത്ഥിനിയായിരുന്നു. ഈ പെണ്‍കുട്ടിയെ മാറ്റി മത്സരിക്കാൻ യോഗ്യതയില്ലാതിരുന്ന എ വിശാഖിൻറെ പേര് തിരുകിക്കയറ്റിയതാണ് കേസ്. കോളേജ് മുൻ പ്രിൻസിപ്പല്‍ ഷൈജുവാണ് വിശാഖിന്റെ പേര് സര്‍വ്വകലാശാലക്ക് കൈമാറിയത്. സര്‍വ്വകലാശാലയുടെ പരാതിയില്‍ കാട്ടാക്കട പൊലീസ് കേസെടുത്തതിന് പിന്നാലെ കോടതിയെ സമീപിച്ച പ്രതികളുടെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കേസ് ഡയറി പരിശോധിച്ച ശേഷം ഹൈക്കോടതി ജാമ്യ ഹര്‍ജി തള്ളി. പ്രതികളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പ്രതികള്‍ ശ്രമിച്ചെന്ന് പൊലീസ് റിമാൻഡ് റിപ്പോര്‍ട്ടില്‍ കോടതിയെ അറിയിച്ചു. ഒന്നാം പ്രതിയായ എസ്‌എഫ്‌ഐ നേതാവായിരുന്ന വിശാഖിന് നേട്ടമുണ്ടാക്കാൻ മുൻ പ്രിൻസിപ്പല്‍ വ്യാജ രേഖയുണ്ടാക്കിയെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്.

പ്രതികള്‍ക്കായി തെളിവുകളെല്ലാം പൊലീസിന് ലഭിച്ചിട്ടുണ്ട്. വ്യാജരേഖയുണ്ടാക്കിയ എസ്‌എഫ്‌ഐ നേതാവിന് സഹായം നല്‍കാൻ സമ്മര്‍ദ്ദം ചെലുത്തിയ രാഷ്ട്രീയ നേതാക്കളെ കുറിച്ച്‌ ജിജെ ഷൈജു പൊലീസിനോട് വെളിപ്പെടുത്തിയില്ല. പ്രമാദമായ കേസില്‍ തുടക്കം മുതല്‍ പൊലീസ് അന്വേഷണം ഉഴപ്പുകയായിരുന്നു എന്നാണ് ആക്ഷേപം.

Related News