കനത്ത മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 23/07/2023

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലൈ 24) അവധി പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.  കോഴിക്കോട് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.


മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാളെ (ജൂലൈ 24 ) വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്റ്റര്‍ ഡോ. രേണു രാജ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്നും കളക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇടവേളക്ക് ശേഷം മഴ വീണ്ടും ശക്തമാകുകയാണ്. വടക്കൻ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് വടക്കൻ കേരളത്തിലെ 4 ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടാണുള്ളത്.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 3 ചക്രവാത ചുഴിയുടെ സാന്നിധ്യവും ന്യൂനമര്‍ദ്ദവുമാണ് വടക്കൻ കേരളത്തില്‍ മഴ ശക്തമാകാൻ കാരണം. നിലവിലെ സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി കേരളത്തില്‍ ശക്തമായ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന.

Related News