ഏക സിവില്‍ കോഡിനെതിരെ മുസ്ലിം കോ ഓര്‍ഡിനേഷൻ കമ്മിറ്റി സെമിനാറില്‍ സിപിഎം പങ്കെടുക്കും

  • 23/07/2023

തിരുവനന്തപുരം : ഏക സിവില്‍ കോഡിനെതിരെ മുസ്ലിം കോ ഓര്‍ഡിനേഷൻ കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറില്‍ സിപിഎം പങ്കെടുക്കും. ജനങ്ങളെ വിഭജിക്കുന്നതിനുള്ള നീക്കത്തിനെതിരായ ഏത് പരിപാടിയിലും സിപിഎം പങ്കെടുക്കുമെന്ന് നേതൃത്വം അറിയിച്ചു. ഈ മാസം 26 നാണ് സെമിനാര്‍. ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് മുസ്ലിം കോ ഓര്‍ഡിനേഷൻ കമ്മിറ്റിയുടെ ചെയര്‍മാൻ. ജമാ അത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളെ സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്.


നേരത്തെ മുസ്ലിം കോര്‍ഡിനേഷൻ കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഏക സിവില്‍ കോഡ് സെമിനാറില്‍ സിപിഎമ്മിനെ ക്ഷണിച്ചതായി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കിയിരുന്നു. എല്ലാ മത സംഘടനകളും സെമിനാറില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സിപിഎം ഏക സിവില്‍ കോഡിനെതിരെ നടത്തിയ സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചിരുന്നെങ്കിലും അവര്‍ പങ്കെടുത്തിരുന്നില്ല. യുഡിഎഫിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിനെ ക്ഷണിക്കാത്ത സാഹചര്യത്തിലാണ് ലീഗ് ക്ഷണം നിരസിച്ചത്.

Related News