യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍തൃ കുടുംബത്തിനെതിരെ നിരവധി കുറ്റങ്ങൾ ചുമത്തി

  • 25/07/2023

വയനാട്: വയനാട് വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍തൃ കുടുംബത്തിനെതിരെ ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ, മര്‍ദനം കുറ്റങ്ങള്‍ ചുമത്തി. ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭരാജന്‍, അമ്മ ബ്രാഹ്മിലി എന്നിവര്‍ക്ക് എതിരെയാണ് കേസ് എടുത്തിട്ടുള്ളത്. കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവന്‍ അന്വേഷണം ഏറ്റടുത്തതിന് പിന്നാലെയാണ് നടപടി. ദര്‍ശനയുടെ ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ പോലീസ് വിശദമായി മൊഴി എടുത്തിരുന്നു. അതേ സമയം ഭര്‍ത്താവും വീട്ടുകാരും ഒളിവിലെന്ന് പൊലീസ് വ്യക്തമാക്കി.


ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെയാണ് ദര്‍ശന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവും ഭര്‍തൃ പിതാവും മകളെ മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായും ദര്‍ശനയുടെ ബന്ധുക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ ജോലിയെന്ന മോഹം വീട്ടുവരാന്തയിലെത്തിയപ്പോള്‍ ദര്‍ശനയുടെ ജീവന്‍റെ തുടിപ്പറ്റുപോയിരുന്നു. എല്ലാത്തിലുമുപരി സ്നേഹിച്ച മകളെയും കൂട്ടി വിഷം കഴിച്ച്‌ പുഴയില്‍ ചാടാൻ ദര്‍ശനയെ പ്രേരിപ്പിച്ചത് ഭര്‍തൃവീട്ടുകാരുടെ പീഡനമാണെന്നാണ് ദര്‍ശനയുടെ അമ്മ വിശാലാക്ഷി ആരോപിക്കുന്നത്. മുമ്ബ് രണ്ട് തവണ മകളെ ഭര്‍ത്താവ് നിര്‍ബന്ധിച്ച്‌ ഗര്‍ഭഛിദ്രം നടത്തി. നാല് മാസം ഗര്‍ഭിണിയായിരിക്കെ വീണ്ടും അതിന് നിര്‍ബന്ധിച്ചതോടെയാണ് മകള്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 13 നാണ് ദര്‍ശന വിഷം കഴിച്ച ശേഷം അഞ്ച് വയസുകാരി മകള്‍ക്കൊപ്പം വെണ്ണിയോട് പുഴയില്‍ ചാടിയത്. ദര്‍ശന പിറ്റേന്ന് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മകളുടെ മൃതദേഹം നാലാം നാള്‍ പുഴയില്‍ നിന്നും കണ്ടെടുത്തു.

ഭര്‍ത്താവ് വെണ്ണിയോട് സ്വദേശി ഓംപ്രകാശും പിതാവ് ഋഷഭരാജനും ദര്‍ശനയെ മര്‍ദ്ദിച്ചിരുന്നതായി ദര്‍ശനയുടെ സഹോദരി ആരോപിച്ചു. സ്വന്തം മകളുടെ ഭാവിയെ കരുതിയാണ് ദര്‍ശന തിരികെ ഭര്‍തൃവീട്ടിലേക്ക് പോയതെന്ന് അച്ഛനും അമ്മയും വ്യക്തമാക്കി. മാനസിക പീഡനത്തിന് തെളിവായ ഭര്‍തൃപിതാവിന്റെ ഓഡിയോ റെക്കോഡും കുടുംബം പരസ്യപ്പെടുത്തി. ദര്‍ശനയുടെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ടു കുടുംബം ജില്ലാ കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.

Related News