ഇറാന്‍, തായ്‌വാന്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ വലിയ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുമ്പോഴും ലോകത്തെ രണ്ട് അതിശക്തികള്‍ തമ്മിലുള്ള ബന്ധം നല്ല നിലയിലാണെന്നും അത് ഇനിയും കൂടുതല്‍ മികച്ച നിലയില്‍ മുന്നോട്ട് പോകുമെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. തന്‍റെ പല വിജയങ്ങളിലും ചൈനീസ് നേതാവ് ഷി ജിന്‍ പിങ് തന്നെ അഭിനന്ദിച്ചതായി ട്രംപ് തന്‍റെ സാമൂഹ്യമാധ്യമ പോസ്റ്റില്‍ കുറിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ട്രംപ് ചൈനയിലെത്തിയത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് തന്നെ സഹായിക്കാമെന്ന് ഷി തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ട്രംപ് ഫോക്‌സ് ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ അവകാശപ്പെട്ടിരുന്നു. ഹോര്‍മൂസ് കടലിടുക്ക് തുറന്ന് നല്‍കാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു. ഹോര്‍മൂസ് കടക്കുന്ന യാനങ്ങള്‍ക്ക് അധിക ചുങ്കം ഏര്‍പ്പെടുത്താനുള്ള നീക്കത്തെ ഷി എതിര്‍ക്കുന്നതായും ട്രംപ് പറഞ്ഞു. അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ചൈനയ്ക്ക് താത്പര്യമുണ്ടെന്ന സൂചനയും ഷി പങ്കുവച്ചിരുന്നതായി ട്രംപ് അഭിമുഖത്തില്‍ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനാണ് ഇതെന്നും ട്രംപ് പറഞ്ഞു.പശ്ചിമേഷ്യന്‍ സംഘര്‍ഷം കയറ്റുമതി രാഷ്‌ട്രമായ ചൈനയുടെ സമ്പദ്ഘടനയില്‍ കനത്ത ആഘാതം ഏല്‍പ്പിച്ചിട്ടുണ്ട്.
അതേസമയം ട്രംപുമായുള്ള കൂടിക്കാഴ്‌ചയിൽ സഹകരണത്തിന് ആഹ്വാനം ചെയ്‌ത് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്. ഇരുരാജ്യങ്ങൾക്കുമിടയിൽ ഏറ്റുമുട്ടലല്ല, പകരം സഹകരണമാണ് വേണ്ടതെന്ന് ബെയ്‌ജിങ്ങിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ ഷി ജിൻപിങ് പറഞ്ഞു. ലോകമെമ്പാടും നൂറ്റാണ്ടിൽ കണ്ടിട്ടില്ലാത്ത പരിവർത്തനം നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ഷി ജിൻപിങ്, ലോകത്തെ രണ്ട് വൻ ശക്തികളായ ചൈനയും യുഎസും എതിരാളികളാകുയല്ല, പങ്കാളികളാകുകയാണ് വേണ്ടതെന്നും ഷി ജിൻപിങ് വ്യക്തമാക്കി.
ഒൻപത് വർഷത്തിന് ശേഷം ചൈനീസ് സന്ദർശനത്തിന് എത്തിയ ട്രംപിനെ സ്വാഗതം ചെയ്‌ത, ഷി ജിൻപിങ്, കൂടിക്കാഴ്‌ചയിൽ വളരെ സന്തോഷമുണ്ടെന്നും പറഞ്ഞു. യുഎസ് – ചൈന കൂടിക്കാഴ്‌ചയെ ലോകം മുഴുവൻ ഉറ്റുനോക്കുകയാണെന്ന് ഷി ജിൻപിങ് പറഞ്ഞു. നിലവിൽ, ലോകമെമ്പാടും നൂറ്റാണ്ടിൽ കണ്ടിട്ടില്ലാത്ത പരിവർത്തനം നടക്കുകയാണ്. അന്താരാഷ്ട്ര സ്ഥിതി അസ്ഥിരവും പ്രക്ഷുബ്‌ധവുമാണ്. ലോകം ഒരു പുതിയ വഴിത്തിരിവിൽ എത്തിയിരിക്കുകയാണെന്നും ചൈനീസ് പ്രസിഡൻ്റ് പറഞ്ഞു.
