കുവൈത്ത്സിറ്റി: ഇറാന്റെ തുടർച്ചയായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്ത് സർക്കാർ കടുത്ത നയതന്ത്ര നടപടി സ്വീകരിച്ചു. ഇറാൻ എംബസിയിലെ രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ പേഴ്സോണ നോൺ ഗ്രാറ്റ (Persona Non Grata) ആയി പ്രഖ്യാപിച്ച കുവൈത്ത്, 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം നൽകി.ബുധനാഴ്ച ഉപവിദേശകാര്യ മന്ത്രി അംബാസഡർ ഹമദ് സുലൈമാൻ അൽ-മഷാൻ ഇറാൻ എംബസിയുടെ ചാർജ് ഡി അഫയേഴ്സ് ഹാമിദ് ഹമീദ് യാക്കൂബി ഫറിനെ വിളിച്ചുവരുത്തി ഔദ്യോഗിക പ്രതിഷേധ കുറിപ്പ് കൈമാറി.
കൂടാതെ, കുവൈറ്റിലെ ഇറാൻ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചതായി അറിയിച്ചു.ഇന്ന് പുലർച്ചെ ഉൾപ്പെടെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സിവിലിയൻ-പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടതായി കുവൈത്ത് ആരോപിച്ചു. ആക്രമണത്തിൽ ഒരു ഇന്ത്യൻ പ്രവാസി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടൊപ്പം വിമാനത്താവളത്തിനും നയതന്ത്ര ആസ്ഥാനങ്ങൾക്കും കാര്യമായ നാശനഷ്ടമുണ്ടായതായും അധികൃതർ വ്യക്തമാക്കി.
കുവൈത്തിന്റെ പരമാധികാരത്തെയും ഭൂപ്രദേശ അഖണ്ഡതയെയും ലംഘിക്കുന്ന ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിച്ച ഉപവിദേശകാര്യ മന്ത്രി, കുവൈത്തിന്റെ ഭൂപ്രദേശമോ വ്യോമാതിർത്തിയോ ഒരു രാജ്യത്തിനെതിരായ ശത്രുതാപരമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ചു.രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ അവകാശം കുവൈറ്റിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

