കുവൈത്ത്സിറ്റി: രാജ്യത്തെ ശ്രദ്ധിക്കപ്പെട്ട ദേശീയ സുരക്ഷാ കേസുകളിൽ നിർണ്ണായക വിധി പ്രസ്താവിച്ച് കുവൈറ്റ് സ്റ്റേറ്റ് സെക്യൂരിറ്റി അപ്പീൽ കോടതി. വിവിധ കുറ്റകൃത്യങ്ങളിൽ വിചാരണക്കോടതികൾ നൽകിയ വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകളിലാണ് കോടതി വ്യത്യസ്തമായ തീർപ്പുകൾ കൽപ്പിച്ചത്. രാജ്യത്ത് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുകയും ദേശീയ ഐക്യത്തിന് വിരുദ്ധമായ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കുവൈറ്റ് പൗരന് അപ്പീൽ കോടതി മൂന്ന് വർഷത്തെ കഠിനതടവ് വിധിച്ചു. പ്രതിക്കെതിരെ ശിക്ഷാനടപടികൾ ഒഴിവാക്കിയ വിചാരണക്കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് അപ്പീൽ കോടതി ഈ കർശന ശിക്ഷ പ്രഖ്യാപിച്ചത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ലെബനൻ റിപ്പബ്ലിക്കിനെ അപമാനിക്കുകയും നിരോധിത ഭീകരസംഘടനയായ ഹിസ്ബുള്ളയെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തെന്ന കേസിൽ മറ്റൊരു കുവൈറ്റ് പൗരനെ കോടതി കുറ്റവിമുക്തനാക്കി. ഈ കേസിൽ പ്രതിക്ക് വിചാരണക്കോടതി മുൻപ് മൂന്ന് വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. എന്നാൽ പ്രതിഭാഗം സമർപ്പിച്ച അപ്പീൽ പരിഗണിച്ച കോടതി, വിചാരണക്കോടതിയുടെ വിധി റദ്ദാക്കുകയും പ്രതിയെ പൂർണ്ണമായി വെറുതെവിടുകയുമായിരുന്നു.
രാജ്യത്ത് നിലവിലുള്ള യുദ്ധസാഹചര്യങ്ങൾക്കിടയിൽ പൊതുജനങ്ങൾക്കിടയിൽ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകൾ പ്രചരിപ്പിച്ചെന്ന കേസിൽ പ്രതിയായിരുന്ന സ്വദേശി വനിതയെയും അപ്പീൽ കോടതി വെറുതെവിട്ടു. ഇവർക്കെതിരെ ശിക്ഷാനടപടികൾ താൽക്കാലികമായി മാറ്റിവെച്ചിരുന്ന വിചാരണക്കോടതിയുടെ വിധി അപ്പീൽ കോടതി റദ്ദാക്കി. ഇവർ കുറ്റക്കാരിയാണെന്ന് തെളിയിക്കാൻ പര്യാപ്തമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരെ പൂർണ്ണമായും കുറ്റവിമുക്തയാക്കിയത്.

