കുവൈറ്റ് സിറ്റി: അന്തരിച്ച കുവൈറ്റ് സ്വദേശിയുമായുള്ള വിവാഹബന്ധം ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പടിഞ്ഞാറൻ ഉത്തരാഫ്രിക്കൻ (മഗ്രിബ്) സ്വദേശിയായ വനിത നൽകിയ ഹർജിയിൽ അനുകൂല വിധിയുമായി കുവൈറ്റ് അപ്പീൽ കോടതി. ഈ വിവാഹബന്ധത്തിന് നിയമപരമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി മുൻപ് വിചാരണക്കോടതി തള്ളിയ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് അപ്പീൽ കോടതി മാതൃകാപരമായ വിധി പ്രസ്താവിച്ചത്.കുവൈറ്റ് പൗരന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തുക്കളിൽ നിന്നും പ്രവാസി ഭാര്യയ്ക്കുള്ള അവകാശം നിഷേധിക്കാൻ ശ്രമിച്ച ബന്ധുക്കളുടെ നീക്കങ്ങൾക്കാണ് ഇതോടെ തിരിച്ചടിയേറ്റത്.പ്രശസ്ത നിയമജ്ഞനായ അഡ്വക്കേറ്റ് ജറഹ് അൽ-മാലിക് തന്റെ കക്ഷിയായ വിദേശ വനിതയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായി.
ഉത്തരാഫ്രിക്കൻ സ്വദേശിനിയായ തന്റെ കക്ഷി ഒരു യൂറോപ്യൻ രാജ്യത്ത് വെച്ചാണ് കുവൈറ്റ് പൗരനെ വിവാഹം കഴിച്ചതെന്ന് അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. മഹ്ർ (വിവാഹ മൂല്യം) നൽകി, വധുവിന്റെ രക്ഷിതാവിന്റെ പൂർണ്ണ സമ്മതത്തോടെ പരമ്പരാഗതമായ രീതിയിലായിരുന്നു വിവാഹക്കരാർ ഒപ്പിട്ടത്. എന്നാൽ, വിവാഹത്തിന് ശേഷം ഈ കരാർ കുവൈറ്റിലെ ഔദ്യോഗിക മന്ത്രാലയങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് തന്നെ, രണ്ട് വർഷത്തിനുള്ളിൽ ഭർത്താവ് മരണപ്പെടുകയായിരുന്നു.ഭർത്താവിന്റെ മരണത്തെത്തുടർന്ന്, ഈ വിവാഹബന്ധം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി ഭർത്താവിന്റെ കുവൈറ്റിലുള്ള ബന്ധുക്കൾ യുവതിയെ പൂർണ്ണമായി തള്ളിപ്പറയുകയും സ്വത്തവകാശം നിഷേധിക്കാൻ ശ്രമിക്കുകയുമായിരുന്നു.
എന്നാൽ യൂറോപ്പിൽ വെച്ച് നടന്ന വിവാഹക്കരാറിന്റെ സാധുതയും സാക്ഷ്യപത്രങ്ങളും പരിശോധിച്ച അപ്പീൽ കോടതി, ഈ വിവാഹബന്ധം നിയമപരമായി നിലനിന്നിരുന്നതാണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. പ്രതിഭാഗത്തിന്റെ വാദങ്ങൾ തള്ളിക്കൊണ്ട്, അന്തരിച്ച കുവൈറ്റ് പൗരന്റെ നിയമപരമായ ഭാര്യ തന്നെയാണ് ഈ പ്രവാസി വനിതയെന്ന് കോടതി സ്ഥിരീകരിച്ചു. ഇതോടെ ഭർത്താവിന്റെ പാരമ്പര്യ സ്വത്തിലുള്ള വിഹിതം നിയമപരമായി നേടിയെടുക്കാൻ ഈ വിദേശ വനിതയ്ക്ക് വഴിതെളിഞ്ഞു.

