തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല വ്യാപനത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളം ആളുകള്‍ക്കാണ് ഈ വര്‍ഷം രോഗം ബാധിച്ചത്. ഈ വര്‍ഷം ഇതുവരെ 85 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഈ മാസം 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു.രോഗബാധിതരുടെ എണ്ണം കൂടിയത് ആരോഗ്യപ്രവര്‍ത്തകരിലും ആശങ്കയാകുന്നുണ്ട്. കോഴിക്കോട്ടെ നാല് വയസുകാരി ഉള്‍പ്പടെ രോഗം ബാധിച്ച് രണ്ട് മരണമാണ് ഇതുവരെയുണ്ടായത്. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് ആരോഗ്യവകുപ്പ്.
കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.
മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഷിഗെല്ല രോഗം പടരുന്നത്. ആഹാരം പാകം ചെയ്യുന്നവരില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുണ്ട്. തട്ടുകടകള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യ വില്‍പ്പനശാലകളില്‍ പരിശോധന കര്‍ശനമാക്കുകയാണ് ആരോഗ്യവകുപ്പ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിർദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ഉള്‍പ്പടെ പൂട്ടാനാണ് നിര്‍ദേശം. കടകളില്‍ സാധാരണ വെള്ളം വിതരണം ചെയ്യരുതെന്നും ക്ലോറിനേഷന്‍ ചെയ്ത് പൂര്‍ണമായും ശുദ്ധീകരിച്ച വെള്ളം മാത്രം നല്‍കണമെന്നും ആരോഗ്യ വിഭാഗം നിര്‍ദേശിച്ചു.

