പെട്രോൾ ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് സ്വിഗ്ഗി, സൊമാറ്റോ തൊഴിലാളികൾ നാളെ രാജ്യവ്യാപകമായി പണിമുടക്കും. നാളെ ഉച്ചയ്ക്ക് 12 മുതൽ 5 മണി വരെയാണ് തൊഴിലാളികൾ പണിമുടക്കുക. ഇന്ധന വില വർധനവ്, കുറഞ്ഞ കൂലി എന്നിവയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം സർവീസസ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ഗിഗ് തൊഴിലാളികളോടും പണിമുടക്കിൽ പങ്കാളികളാകാൻ യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. നീണ്ട തൊഴിൽ സമയം, കുറഞ്ഞ കൂലി എന്നിവ തങ്ങളെ പ്രതിസന്ധിയിലാക്കുന്നുവെന്നും ഇതിനിടെയുണ്ടായ പെട്രോൾ വില വർധനവ് തങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്നുവെന്നും യൂണിയൻ പറഞ്ഞു.
അതേസമയം, രാജ്യത്ത് പെട്രോൾ ഡീസൽ വിലവർധനവ് ഉണ്ടായിരിക്കെ അവയുടെ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന ചർച്ചകൾ ഇപ്പോഴും തകൃതിയാണ്. വിലക്കയറ്റം ഇനിയും കൂടുമെന്നാണ് വിദഗ്ധർ പറയുന്നത്. സിഎൻജി, പെട്രോൾ, ഡീസൽ എന്നിവയെല്ലാം ഉപഭോക്ത്ര വില സൂചികയെ നേരിട്ട് ബാധിക്കുന്നവയുമാണ്.
എന്നാൽ പ്രത്യാഘാതങ്ങൾ ഇനിയുമുണ്ട്. ഓട്ടോ, ടാക്സി നിരക്കുകൾ വർധിക്കും എന്നതാണ് ഒരു പ്രധാന കാര്യം. ഇതോടെ ജനങ്ങളുടെ കീശയിൽ നിന്ന് പണം ഒരുപാട് ചോരും. നിലവിൽ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന ഓൺലൈൻ ടാക്സി കമ്പനികളും പതിയെ വില കൂട്ടിയേക്കാം. മാത്രമല്ല, ലോജിസ്റ്റിക്സ് മേഖലയെപ്പോലും ഈ നീക്കം ബാധിക്കും. ചരക്കുനീക്കം കൂടുതൽ ചിലവേറിയതാകും. കമ്പോളത്തിൽ വിലക്കയറ്റം ഉണ്ടാകും. ഉത്പാദന ചിലവ് വർധിക്കുന്നതിലേക്കും ഈ നീക്കം നയിക്കും.
