പുലിപ്പല്ല് കേസിൽ റാപ്പർ വേടന് തിരിച്ചടി. വേടന്റെ പക്കൽനിന്ന് പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ലാണെന്ന് സ്ഥിരീകരണം. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ കേസിൽ വനംവകുപ്പ് ഉടൻ കുറ്റപത്രം നൽകും.
വേടൻ ധരിച്ചിരുന്നത് പുലിപ്പല്ല് തന്നെയാണെന്ന് വനംവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനാണ് ശാസ്ത്രീയ പരിശോധനയ്ക്കായി സുവോളജി ലാബിലേക്ക് അയച്ചത്.കഴിഞ്ഞ വർഷം ഏപ്രിലിലാണ് വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിൽ പോലീസ് പരിശോധന നടത്തിയത്. അന്ന് വേടൻ ഉൾപ്പെടെ ഒമ്പത് പേരെ ആറ് ഗ്രാം കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെയാണ് വേടൻ ധരിച്ചിരുന്ന പുലിപ്പല്ല് കെട്ടിയ മാല പോലീസ് ശ്രദ്ധിക്കുന്നത്. തുടർന്ന് ഇക്കാര്യം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
പരിശോധനയിൽ പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചതോടെ വേടനെതിരെ മൃഗവേട്ട ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി വനംവരുപ്പ് കേസെടുത്തിരുന്നു. കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ച വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഈ കേസിലും വേടൻ ജാമ്യത്തിലിറങ്ങിയിരുന്നു. 2022-ൽ ചെന്നൈയിൽ നടന്ന ഷോയ്ക്കിടെ രഞ്ജിത് എന്ന ശ്രീലങ്കൻ വംശജനായ ആരാധകനാണ് തനിക്ക് പുല്ലിപ്പല്ല് മാല സമ്മാനിച്ചതെന്നാണ് വേടൻ അന്വേഷണസംഘത്തിന് മൊഴി നൽകിയത്. സോഷ്യൽ മീഡിയ വഴിയാണ് രഞ്ജിത്തുമായി ബന്ധമെന്നും വേടൻ വ്യക്തമാക്കിയിരുന്നു. എന്നാൽ പോലീസിന് ഇയാളെ കണ്ടെത്താനായിട്ടില്ല. യുകെയിലേക്കോ ഫ്രാൻസിലേക്കോ ഇയാൾ കുടിയേറിയതാണെന്നാണ് വിവരം.
