കുവൈറ്റ്സിറ്റി: ഭീകരവാദം തടയുന്നതിനും ആയുധങ്ങളുടെ വ്യാപനം പ്രതിരോധിക്കുന്നതിനുമുള്ള ശക്തമായ നീക്കത്തിന്റെ ഭാഗമായി പത്ത് കുവൈറ്റ് പൗരന്മാരെ ദേശീയ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച നിർദ്ദേശം രാജ്യത്തെ കമ്പനികൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും മന്ത്രാലയം കൈമാറി.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ നടപ്പിലാക്കുന്നതിനായി രൂപീകരിച്ച സമിതിയുടെ 176/2025 നമ്പർ മന്ത്രിതല തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. പട്ടികയിൽ ഉൾപ്പെട്ട വ്യക്തികൾക്കെതിരെ അടിയന്തര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.നിയമത്തിലെ 21, 22, 23 വകുപ്പുകൾ പ്രകാരം പട്ടികയിലുള്ളവരുടെ ഫണ്ടുകളും സാമ്പത്തിക സ്രോതസ്സുകളും യാതൊരു മുൻകൂർ അറിയിപ്പും കൂടാതെ ഉടനടി മരവിപ്പിക്കണം. നേരിട്ടോ അല്ലാതെയോ ഇവർ കൈവശം വച്ചിരിക്കുന്ന എല്ലാ സാമ്പത്തിക ആസ്തികൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.
കൂടാതെ ഇവർക്കോ ഇവർ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾക്കോ യാതൊരുവിധ സാമ്പത്തിക സേവനങ്ങളോ ഫണ്ടുകളോ ലഭ്യമാക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സുരക്ഷയും അന്താരാഷ്ട്ര സമാധാനവും മുൻനിർത്തിയാണ് ഇത്തരമൊരു നിർണ്ണായക നീക്കം കുവൈറ്റ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.
