അസം പ്രളയക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 62 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 9 ജില്ലകളിലായി ഏഴു ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേർ കൂടി മരിച്ചു. സംസ്ഥാനത്തിന്റെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി.
വെള്ളിയാഴ്ച ഒമ്പത് ജില്ലകളിലായി 7.05 ലക്ഷത്തിലധികം പേരെയാണ് പ്രളയം ബാധിച്ചത്, ശനിയാഴ്ചയോടെ ചരൈദിയോ, ദിബ്രുഗഡ്, ഗോലഘട്ട്, ജോർഹട്ട്, നാഗോൺ, ശിവസാഗർ എന്നീ ആറ് ജില്ലകളിലായി 6,54,800 പേരെയാണ് മഴക്കെടുതി ബാധിച്ചത്.പ്രളയം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ജില്ല ശിവസാഗറാണ്. ഇവിടെ ഏകദേശം 2.9 ലക്ഷം പേർ വെള്ളപ്പൊക്കത്തിന്റെ ദുരിതം നേരിടുന്നു. തൊട്ടുപിന്നിൽ ചരൈദിയോ (ഏകദേശം 1.9 ലക്ഷം പേർ), ജോർഹട്ട് (1.3 ലക്ഷത്തിലധികം പേർ) എന്നീ ജില്ലകളാണുള്ളത്.
ആറ് ജില്ലകളിലായി 274 ദുരിതാശ്വാസ ക്യാമ്പുകളും വിതരണ കേന്ദ്രങ്ങളും നടത്തിവരികയാണെന്നും, ഇതിലൂടെ കുടിയൊഴിപ്പിക്കപ്പെട്ട 18,902 പേർക്ക് സഹായം നൽകുന്നുണ്ടെന്നും അസം ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. അസമിലെ 810 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണെന്നും 34,970.8 ഹെക്ടർ കൃഷിഭൂമിക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഏജൻസിയുടെ ദൈനംദിന റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ, വെള്ളപ്പൊക്കം കാരണം ബണ്ടുകൾ, റോഡുകൾ, പാലങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.



