ബെംഗളൂരു ബിഡദിക്ക് സമീപം കെഎസ്ആർടിസി ബസ് അപകടത്തില്‍ ദുരൂഹതയും അട്ടിമറി സാധ്യതയും ശക്തമാകുന്നു. ഡ്രൈവറുടെ കാഴ്‌ച മറച്ച് വലിയ അപകടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുട്ടയെറിഞ്ഞുള്ള ആക്രമണം നടന്നതെന്ന സംശയത്തെ തുടർന്ന് ഗതാഗത മന്ത്രി സി.പി. ജോൺ സമഗ്രമായ അന്വേഷണത്തിന് കെഎസ്ആർടിസിക്ക് നിർദേശം നൽകി.
ഇന്നലെ ബിഡദിക്ക് സമീപം കെഎസ്ആര്‍ടിസി ബസിനു നേരേ മുട്ടയെറ് ഉണ്ടായതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് രണ്ട് ജീവനക്കാരുടെ മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസ് അപകടത്തിന് പിന്നിലും ഇത്തരത്തിലുള്ള അട്ടിമറി ശ്രമമുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ അധികൃതർ വിശദമായ പരിശോധന ആരംഭിച്ചത്. ഓഗസ്റ്റ് എട്ടിലെ അപകടത്തില്‍ ഡ്രൈവര്‍ കോഴിക്കോട് വെള്ളയിലിലെ കെ. മിഥിലേഷ്, കോവൂർ-ചേവായൂർ സ്വദേശി കണ്ടക്ടർ എൻ.എം. അരുൺ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
അതേസമയം, ഓഗസ്റ്റ് 12-ന് രാത്രി ഒൻപത് മണിയോടെ ബെംഗളുരുവിൽ നിന്ന് കാസർക്കോടേക്ക് സർവീസ് നടത്തുകയായിരുന്ന കാസർകോട് യൂണിറ്റിലെ എ.ടി.സി 142 ഡീലക്‌സ് ബസിന് നേരെയാണ് ആക്രമണമുണ്ടായത്. കർണാടകയിലെ ബിഡദിക്ക് (വിടുതി) സമീപം വച്ച് അജ്ഞാതർ ബസിന്‍റെ മുൻവശത്തെ ഗ്ലാസിലേക്ക് മുട്ടയെറിയുകയായിരുന്നു. ഇതേ തുടർന്ന് ഡ്രൈവറുടെ കാഴ്‌ച പൂർണ്ണമായി തടസ്സപ്പെട്ടു. മുൻപിലെ ചില്ലിലേക്ക് മുട്ട പതിച്ച ഉടൻ വൈപ്പർ പ്രവർത്തിപ്പിക്കാതെ ബസിന്‍റെ വേഗം സുരക്ഷിതമായി കുറച്ച് സൈഡിലേക്ക് ഒതുക്കി നിർത്തിയതിനാൽ മാത്രമാണ് അറുപതോളം യാത്രക്കാരുമായി പോയ ബസ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. മുട്ട വീഴുമ്പോൾ വൈപ്പർ അടിച്ചാൽ വിൻഡ് സ്ക്രീൻ മുഴുവൻ മങ്ങി കാഴ്‌ച പൂർണ്ണമായും മറയുന്ന രീതിയിലുള്ള കവർച്ചാശ്രമമോ അട്ടിമറിയോ ആണ് ഇവിടെ നടന്നിരിക്കുന്നത്.



