ഗ്രോ വാസുവിന് പിണറായിക്കെതിരെ പറയാൻ അവസരമൊരുക്കിയത് പിഴവ്, പൊലീസുകാർക്കെതിരെ നടപടിക്ക് നീക്കം

  • 13/08/2023

കോഴിക്കോട്: ഗ്രോവാസുവിനെ കോടതിയിലെത്തിച്ചപ്പോൾ സുരക്ഷാ വീഴ്ചയുണ്ടായെന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി ആഭ്യന്തര വകുപ്പ്. ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ച്  മുഖ്യമന്ത്രിക്കെതിരെയുൾപ്പെടെ പ്രതികരിക്കാൻ അവസരമൊരുക്കിയതാണ് ഉന്നത ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. സംഭവത്തിൽ  സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണർ വിശദീകരണം ആവശ്യപ്പെട്ടു. 

കരുളായി വനമേഖലയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോര്ച്ചറിയിലെത്തിച്ചപ്പോൾ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിച്ച കേസിലാണ് ഗ്രോ വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ജാമ്യം വേണ്ടെന്ന നിലപാട് എടുത്തതോടെ 14 ദിവസം റിമാൻറിലായിരുന്ന വാസുവിനെ വെള്ളിയാഴ്ചയാണ് വീണ്ടും കുന്ദമംഗലം കോടതിയിൽ എത്തിച്ചത്. പിഴയടച്ച് കേസ് അവസാനിപ്പിക്കാൻ തയ്യാറാകാതിരുന്നതിനെത്തുടർന്ന് കോടതി വാസുവിൻറെ റിമാൻറ് നീട്ടി. ഇതിനു പിന്നാലെയാണ് സഹപ്രവർത്തകരുടെ കൈ പിടിച്ച്  കോടതി മുറ്റത്തേക്ക്  വന്ന വാസു മാധ്യമങ്ങളോട് തൻറെ നിലപാട് വിശദീകരിച്ചത്. 

മുഖ്യമന്ത്രിക്കെതിരെ പറഞ്ഞു തുടങ്ങിയപ്പോഴേക്കും പൊലീസ് അപകടം മണത്തു. തുടർന്ന് വാസുവിനെ കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും പറയാനുള്ളതത്രയും പറഞ്ഞാണ് വാസു പൊലീസ് ജീപ്പിനടുത്തേക്ക് പോയത്. സംഭവം ഉന്നതരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് പൊലീസുകാർക്കെതിരെ നടപടിക്ക് വഴിയൊരുങ്ങിയത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിക്ക് മാധ്യമങ്ങളോട് സംസാരിക്കാൻ അവസരമൊരുക്കിയത് ഡ്യട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വലിയ വീഴ്ചയാണെന്ന് കാട്ടി രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകിയിരുന്നു. 

മനുഷ്യാവകാശ പ്രവർത്തകരായ സുഹൃത്തുക്കളുമായി ഇടപഴകാൻ ഗ്രോവാസുവിന് അവസരം നൽകിയ കാര്യവും റിപ്പോർട്ടിലുണ്ട്. ഇക്കാര്യങ്ങളിൽ വിശദീകരണമാവശ്യപ്പെട്ട് കുന്ദമംഗലം എസ് എച്ച്  ഓ,എസ് ഐ, കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ രണ്ട് സീനിയർ  സിവിൽ പൊലീസ് ഓഫീസർമാർ എന്നിവർക്ക് ഡിസിപി നോട്ടീസ് നൽകി. വിശദീകരണം ലഭിച്ച ശേഷം നടപടികളിലേക്ക് കടക്കും. വാസുവിനെ കോടതിയിലെത്തിക്കാനുള്ള ചുമതല കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിനും കോടതിയിലെ സുരക്ഷാ ചുമതല കുന്ദമംഗലം പോലീസിനുമായിരുന്നു നൽകിയിരുന്നത്.

Related News