'മതനിരപേക്ഷ സ്വഭാവം കാക്കണം, ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കണം'; സ്വാതന്ത്ര്യദിനാശംസകളുമായി മുഖ്യമന്ത്രി

  • 14/08/2023

തിരുവനന്തപുരം: 77-ാം സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമര സേനാനികളെയും പോരാട്ടങ്ങളെയും അനുസ്മരിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന് ഓര്‍മിപ്പിച്ചു.


'സ്വതന്ത്ര ഇന്ത്യയുടെ ആണിക്കല്ല് മതനിരപേക്ഷതയായിരിക്കുമെന്ന ഉറച്ച ബോധ്യമാണ് ദേശീയ സ്വാതന്ത്ര്യ സമര മുന്നേറ്റത്തിനുണ്ടായിരുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ സഹിഷ്ണുതയും സഹവര്‍ത്തിത്വവും പുലരുമെന്നാണ് നമ്മുടെ റിപ്പബ്ലിക്കിന്റെ ശില്‍പ്പികള്‍ വിഭാവനം ചെയ്തത്. എന്നാല്‍ മതനിരപേക്ഷതയ്ക്ക് മുറിവേല്‍ക്കുന്ന രീതിയില്‍ വര്‍ഗ്ഗീയ-വംശീയ ഭിന്നതകള്‍ റിപ്പബ്ലിക്കിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഘട്ടമാണിന്ന്.

ഫെഡറല്‍ തത്വങ്ങളും വലിയ തോതില്‍ അട്ടിമറിക്കപ്പെടുന്ന സ്‌ഥിതിയാണുള്ളത്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തില്‍ ഈ പ്രതിജ്ഞ നാം പുതുക്കേണ്ടതുണ്ട്'- എന്നും സ്വാതന്ത്ര്യദിന ആശംസയില്‍ മുഖ്യമന്ത്രി പറഞ്ഞു.

Related News