എ ഐ ക്യാമറകളെ പറ്റി പഠിക്കാന്‍ മഹാരാഷ്ട്ര; ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കേരളത്തില്‍, മന്ത്രിയുമായി ചര്‍ച്ച നടത്തി

  • 15/08/2023

തിരുവനന്തപുരം: റോഡ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവര്‍ത്തനം പഠിക്കാനായി മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഭീമാന്‍വാര്‍ ഐഎഎസ് കേരളത്തിലെത്തി. ഗതാഗത മന്ത്രി ആന്റണി രാജുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

കേരള മാതൃകയില്‍ എഐ ക്യാമറകള്‍ മഹാരാഷ്ട്രയില്‍ സ്ഥാപിക്കാന്‍ മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. എഐ ക്യാമറ ഡിസ്ട്രിക്‌ട് കണ്‍ട്രോള്‍ റൂം, സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം എന്നിവ സന്ദര്‍ശിച്ച അദ്ദേഹം, ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. എഐ ക്യാമറ പദ്ധതി ഇന്ത്യക്ക് തന്നെ മാതൃകയായി മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ജൂണ്‍, ജുലൈ മാസങ്ങളില്‍ എഐ ക്യാമറയെക്കുറിച്ച്‌ പഠിക്കാന്‍ കേരളത്തില്‍ എത്തിയിരുന്നു. എഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ കേരളത്തില്‍ വാഹന അപകടങ്ങളും, അപകട മരണങ്ങളും ഗണ്യമായി കുറഞ്ഞതും മറ്റ് സംസ്ഥാനങ്ങള്‍ ഇതേ മാതൃകയില്‍ എഐ ക്യാമറ സ്ഥാപിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതും എഐ ക്യാമറ പദ്ധതി വന്‍ വിജയമാണെന്നാണ് വ്യക്തമാകുന്നതെന്ന് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു.

Related News