കേസല്ല, മിത്താണ് പ്രധാനം, സ്പീക്കര്‍ തിരുത്താതെ പിന്നോട്ടില്ലെന്ന് എന്‍എസ്‌എസ്

  • 16/08/2023

മിത്ത് വിവാദത്തില്‍ നടത്തിയ നാമജപവുമായി ബന്ധപ്പെട്ട് എൻഎസ്‌എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ പൊലീസ് ആലോചിക്കുന്നതിനിടെ പ്രതികരണവുമായി എൻഎസ്‌എസ്. കേസല്ല തങ്ങള്‍ക്ക് പ്രധാനമെന്നും മിത്ത് വിവാദത്തില്‍ സ്പീക്കര്‍ നിലപാട് തിരുത്തണമെന്നും എൻഎസ്‌എസ് ആവശ്യപ്പെട്ടു. സ്പീക്കര്‍ തിരുത്തുകയോ തന്റെ പ്രസ്താവന പിൻവലിക്കുകയോ വേണം. അല്ലാതെ പിന്നോട്ടില്ലെന്നും എൻഎസ്‌എസ് പ്രതികരിച്ചു.


പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൂടെ പശ്ചാത്തലത്തിലാണ് എൻഎസ്‌എസിനെ അനുനയിപ്പിക്കുന്നതിനായി സര്‍ക്കാര്‍ കേസ് പിൻവലിക്കാൻ ആലോചിക്കുന്നത്. അനുമതിയില്ലാതെയാണ് നാമജപ യാത്ര നടത്തിയതെന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കെയാണ് കേസുകള്‍ പിൻവലിക്കാനുള്ള നീക്കം. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല. റോഡില്‍ മാര്‍ഗതടസം സൃഷ്ടിച്ച്‌ കൊണ്ട് പ്രതിഷേധം നടത്തരുതെന്ന ഹൈക്കോടതി ഉത്തരവുണ്ട്. അതിനാല്‍ തന്നെ എൻഎസ്‌എസിനെതിരെ കേസ് അവസാനിപ്പിച്ചാല്‍ മറ്റ് സംഘടനകളും ഇതേ ആവശ്യവുമായി രംഗത്തെത്തും. ഈ സാഹചര്യത്തിലാണ് എൻഎസ്‌എസ് നാമജപ യാത്രക്ക് ഗൂഢലക്ഷ്യം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി കേസ് അവസാനിപ്പിക്കാൻ പൊലീസ് നിയമോപദേശം തേടുന്നത്.

എന്നാല്‍ കേസുകള്‍ തങ്ങള്‍ നിയമപരമായി തന്നെ നേരിട്ടോളാമെന്ന് പറയുന്ന എൻഎസ്‌എസ്, സ്പീക്കര്‍ എഎൻ ഷംസീര്‍ തിരുത്തണമെന്നാണ് ആവശ്യപ്പെടുന്നത്. സ്പീക്കര്‍ തിരുത്തില്ലെന്നും മാപ്പ് പറയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാടില്‍ നിന്ന് സിപിഎം പിന്നോട്ട് പോകാനും സാധ്യതയില്ല. 

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സമദൂര നിലപാടാണെന്ന് സുകുമാരൻ നായര്‍ പറഞ്ഞിരുന്നു. ഇടത് സ്ഥാനാര്‍ത്ഥി ജയ്‌ക് സി തോമസ് പെരുന്നയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം. എന്നാല്‍ പിന്നാലെ സിപിഎം നേതാക്കള്‍ക്കും മിത്ത് വിവാദത്തിലെ സര്‍ക്കാര്‍ നിലപാടിനെയും വിമര്‍ശിച്ച്‌ അദ്ദേഹം രംഗത്ത് വരികയും ചെയ്തിരുന്നു. എൻഎസ്‌എസ് സിപിഎമ്മിനൊപ്പമല്ലെന്നും കോണ്‍ഗ്രസിനൊപ്പമാണെന്നുമായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം.

Related News