പുതുപ്പള്ളിയില്‍ പോരിനിറങ്ങാന്‍ ആം ആദ്മി പാര്‍ട്ടിയും

  • 16/08/2023

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തയ്യാറെടുത്ത് ആം ആദ്മി പാര്‍ട്ടിയും. ആം ആദ്മി പാര്‍ട്ടിയുടെ പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻറ് കൂടിയായ ലൂക്ക് തോമസാണ് സ്ഥാനാര്‍ത്ഥിയാകുക. മുൻപ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എ എ പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ നേരിട്ടെത്തി ട്വൻറി ട്വൻറി യുമായി സഖ്യമുണ്ടാക്കിയെങ്കിലും തൃക്കാക്കരയില്‍ മത്സരിച്ചിരുന്നില്ല. പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തിയ ശേഷം മാത്രം തെരഞ്ഞെടുപ്പ് ഗോധയിലേക്ക് ഇറങ്ങിയാല്‍ മതിയെന്നായിരുന്നു അന്ന് എ എ പി എടുത്ത തീരുമാനം. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സംസ്ഥാനത്തെ 20000 വാര്‍ഡുകളിലും പാര്‍ട്ടി കമ്മിറ്റികള്‍ രൂപികരിക്കാനുള്ള ശ്രമമാണ് എ എ പി നടത്തുന്നത്.


അതേസമയം പുതുപ്പള്ളിയില്‍ പോരാട്ടം കനക്കുകയാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരെ ഉയര്‍ന്ന മാസപ്പടി വിവാദം സജീവ ചര്‍ച്ചയാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മാസപ്പടി വിവാദത്തില്‍ കോണ്‍ഗ്രസ് മൃദുസമീപനം പാലിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു സതീശൻറെ പ്രതികരണം. സര്‍ക്കാരിന്‍റെ പരാജയവും അഴിമതിയും ആണ് പുതുപ്പള്ളിയില്‍ ഉന്നയിക്കാന്‍ പോകുന്നത്. സര്‍ക്കാരിനെതിരായ കുറ്റപത്രം അവതരിപ്പിക്കുമെന്നും വി ഡി സതീശൻ കൂട്ടിചേര്‍ത്തു.

Related News