'ചിന്നക്കനാലിലേത് റിസോര്‍ട്ടല്ല, പ്രൈവറ്റ് ഗസ്റ്റ് ഹൗസ്; പറഞ്ഞതിലും കൂടുതല്‍ നികുതി അടച്ചു'

  • 16/08/2023

മൂന്നാറില്‍ വാങ്ങിയ വസ്തുവുമായി ബന്ധപ്പെട്ട് നികുതി വെട്ടിച്ചു എന്ന സിപിഎം ആരോപണം തള്ളി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. ആധാരം എല്ലാവര്‍ക്കും പരിശോധിക്കാവുന്നതാണ്. വൈറ്റ് മണി മാത്രം വാങ്ങാന്‍ തയ്യാറുള്ള വില്‍പ്പനക്കാരനായത് കൊണ്ടാണ് അത്ര ചുരുങ്ങിയ വിലയ്ക്ക് ഭൂമി ചിന്നക്കനാലില്‍ ലഭിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


'കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമോ എന്ന കാര്യത്തില്‍ മുന്‍കൂട്ടി ഒരു ധാരണയും ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പിന് എട്ട് മാസങ്ങള്‍ മുന്‍പാണ് വസ്തു വാങ്ങിയത്. വസ്തു വിറ്റയാള്‍ക്ക് വൈറ്റ് മണിയായി ലഭിക്കണമെന്നതാണ് മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയക്ക് വസ്തു ലഭിക്കാന്‍ ഒരു കാരണം. മാര്‍ക്കറ്റ് വില വൈറ്റ് മണിയായി നല്‍കാന്‍ പലരും തയ്യാറായില്ല. അപ്പോഴാണ് ഞങ്ങള്‍ വാങ്ങാന്‍ തയ്യാറായത്. യഥാര്‍ഥ വിലയേക്കാള്‍ കുറച്ചു കാണിച്ചു എന്നതായിരുന്നലോ സിപിഎം ആരോപണം. ചിന്നക്കനാലിലെ ഭൂമിയുടെ ന്യായ വില പരിശോധിച്ചാല്‍ ഇത് മനസിലാകും'- മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

സര്‍ക്കാര്‍ കണക്കുകള്‍ പകരം താന്‍ വാങ്ങിയ സ്ഥലത്തിന് 57ലക്ഷത്തില്‍പ്പരം രൂപയാണ് ന്യായവിലയായി വരിക. എന്നാല്‍ താന്‍ ഒരു കോടിയില്‍പ്പരം രൂപയാണ് ആധാരത്തില്‍ കാണിച്ചിരിക്കുന്നത്. 13ലക്ഷത്തില്‍പ്പരം രൂപയാണ് നികുതിയായി ഒടുക്കേണ്ടിയിരുന്നത്. എന്നാല്‍ താന്‍ 19ലക്ഷത്തില്‍പ്പരം രൂപയാണ് അടച്ചത്. ഏകദേശം ആറുലക്ഷത്തില്‍പ്പരം രൂപയാണ് അധികമായി അടച്ചതെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. ചിന്നക്കനാലിലെ കെട്ടിടം യഥാര്‍ഥത്തില്‍ റിസോര്‍ട്ടല്ല. പ്രൈവറ്റ് ഗസ്റ്റ് ഹൗസാണ്. അതിനാലാണ് വീട് നിര്‍മ്മാണത്തിനുള്ള എന്‍ഒസി അപേക്ഷ നല്‍കിയതെന്നും മാത്യു കുഴല്‍നാടന്‍ മറുപടി നല്‍കി.

Related News