നിപ ബാധിച്ച്‌ മരിച്ച ആയഞ്ചേരി സ്വദേശി ഹാരിസിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു; സമ്ബര്‍ക്കപട്ടികയില്‍ 281 ആളുകള്‍

  • 13/09/2023

കോഴിക്കോട്: നിപ ബാധിച്ച്‌ മരിച്ച ആയഞ്ചേരി സ്വദേശി ഹാരിസിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സെപ്റ്റംബര്‍ 5 നാണ് ഹാരിസില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടു തുടണ്ടിയത്. ഇന്നേ ദിവസം മുതല്‍ സെപ്റ്റംബര്‍ 7ന് ഉച്ചവരെ ഇയാള്‍ ബന്ധുവീട്ടില്‍ ആയിരുന്നു. ഇതേ ദിവസം റുബിയാൻ സൂപ്പര്‍മാര്‍ക്കറ്റിലും സെപ്റ്റംബര്‍ 8 ന് 10.15 മുതല്‍ 10.45 വരെ ആയഞ്ചേരി ഹെല്‍ത്ത് സെൻററിലും ഉച്ചക്ക് 12 മുതല്‍ 1 വരെ തട്ടാങ്കോട് മസ്ജിദിലും കോഴിക്കോട് ഇഖ്റ ആശുപത്രിയിലും ഹാരിസ് എത്തിയിരുന്നു. 


സെപ്റ്റംബര്‍ 9 ന് രാവിലെ 10-12 വരെയും സെപ്റ്റംബര്‍ 10 ന് 10.30 മുതല്‍ 11.30 വരെയും വില്യാപ്പള്ളി ഹെല്‍ത്ത് സെന്‍റെറില്‍ ഹാരിസ് ഉണ്ടായിരുന്നു. സെപ്റ്റംബര്‍ 10 ന് ഉച്ചക്ക് 12 മുതല്‍ വൈകീട്ട് 3 വരെ വടകര ജില്ലാ ആശുപത്രിയിലും സെപ്റ്റംബര്‍ 11 ന് രാവിലെ 8 മണിക്ക് ഡോ.ജ്യോതികുമാറിന്റെ വീട്ടിലെ ക്ലിനിക്കിലും 9 മുതല്‍ 5 വരെ വടകര സഹകരണ ആശുപത്രിയിലും എത്തിയ ഇയാള്‍ സെപ്റ്റംബര്‍ 11 വൈകിട്ട് 7ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ എത്തുകയും അന്ന് തന്നെ മരണപ്പെടുകയുമായിരുന്നു. 

702 പേരാണ് നിപ സമ്ബര്‍ക്കപട്ടികയിലുള്ളത്. ആദ്യം മരിച്ച ആളുടെ സമ്ബര്‍ക്കപട്ടികയില്‍ 371 ആളുകളും രണ്ടാമത്തെ ആളുടെ സമ്ബര്‍ക്കപട്ടികയില്‍ 281 ആളുകളുമാണുള്ളത്. ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്ബര്‍ക്കപട്ടികയില്‍ 50 ആളുകളും ഉള്‍പ്പെട്ടിട്ടുണ്ട്.

Related News