താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ ഹിസ്റ്റോപതോളജി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഹൃദയത്തിലേറ്റ മര്‍ദനമാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ പതോളജി വകുപ്പാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മഞ്ചേരി ജില്ലാ കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രാസ പരിശോധന റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കേസ് ഡയറി ഉള്‍പ്പെടെ എല്ലാ രേഖകളും ഉടൻ സി.ബി.ഐക്ക് കൈമാറണമെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ നേരത്തെ ഉത്തരവിട്ടിരുന്നു. കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരൻ ജാഫര്‍ ജിഫ്രി നല്‍കിയ ഹരജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.
താമിര്‍ ജിഫ്രിയുടെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട അന്വേഷണം സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ടിരുന്നെങ്കിലും ഏറ്റെടുക്കാൻ ഏജന്‍സി തയാറായിരുന്നില്ല. നിലവില്‍ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നുമാണ് താമിര്‍ ജിഫ്രിയുടെ സഹോദരൻ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
കേസിലെ സാക്ഷികളായ പൊലീസുകാരെയും താമിറിനൊപ്പം കസ്റ്റഡിയിലെടുത്തവരെയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്വാധീനിക്കാനുള്ള ശ്രമങ്ങളുണ്ടെന്നും നിര്‍ണായകമായ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഉടൻ കേസ് ഏറ്റെടുക്കാൻ സി.ബി.ഐക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?