നിപ ജാഗ്രത: ജില്ലയില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് മന്ത്രി; 706 പേര്‍ സമ്ബര്‍ക്കപ്പട്ടികയില്‍, 13 പേര്‍ നിരീക്ഷണത്തില്‍

  • 13/09/2023

കോഴിക്കോട്: നിപ ബാധയില്‍ കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച്‌ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. കോഴിക്കോട് ജില്ലയില്‍ 24ാം തീയതി വരെ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. സമ്ബര്‍ക്കപ്പട്ടികയില്‍ ആകെ 706 പേരാണുള്ളത്. 11 സാമ്ബിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 13 പേര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു. 3 പേര്‍ വീടുകളില്‍ ഐസോലേഷനില്‍ കഴിയുന്നുണ്ട്. ഒമ്ബത് വയസ്സുള്ള കുട്ടിക്കായി മോണോക്ലോണല്‍ ആന്റിബോഡി ഉടനെത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 


ഹൈ റിസ്ക് കോണ്ടാക്ടുകള്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് ദിശയുടെ സേവനവും ഉപയോഗിക്കാം. കൂടാതെ കണ്ടെയ്‌മെന്റ്റ് സോണുകളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ ടീം സജ്ജമാക്കും. വോളന്റീയര്‍മാര്‍ക്ക് ബാഡ്ജുകള്‍ നല്‍കും. ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് വോളന്റീയര്‍മാരുടെ സേവനം തേടാം. പഞ്ചായത്ത് ആണ് വോളന്റീയര്‍മാരെ തീരുമാനിക്കേണ്ടത്. ബാഡ്ജ് ഉള്ള വോളന്റീയര്‍മാര്‍ക്കാണ് അനുമതി നല്‍കുക. ലക്ഷണങ്ങള്‍ ഉള്ളവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോയാല്‍ മതിയെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. 

ജില്ലയില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനെക്കുറിച്ച്‌ ജില്ലാ കളക്ടര്‍ക്ക് തീരുമാനിക്കാം. 30ന് മരിച്ചയാള്‍ ഇൻഡക്സ് രോഗി എന്ന് കണക്കാക്കാം. മറ്റ് അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. സംസ്ഥാനതലത്തിലും കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. സാമ്ബിളുകള്‍ തോന്നയ്ക്കലും കോഴിക്കോടും പരിശോധിക്കും. കേന്ദ്ര സംഘത്തിലെ കൂടുതല്‍ പേര്‍ ഇന്ന് എത്തുമെന്നും മന്ത്രി അറിയിച്ചു. 

Related News