കോഴിക്കോട്ട് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു

  • 15/09/2023

ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. ഇദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ നിപ ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം നാലായി.

കഴിഞ്ഞ ദിവസം അയച്ച പതിനൊന്നു സാമ്ബിളുകളുകള്‍ നെഗറ്റീവ് ആയത് വലിയ ആശ്വാസമായിരുന്നു. നിപയുമായി ബന്ധപ്പെട്ട് നിലവിലെ സമ്ബര്‍ക്ക പട്ടികയില്‍ 950 പേരാണുള്ളത്. അതില്‍ 213 പേരാണ് ഹൈ റിസ്ക് പട്ടികയിലുള്ളത്. 287 ആരോഗ്യ പ്രവര്‍ത്തകരും സമ്ബര്‍ക്ക പട്ടികയിലുണ്ട്. ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്ബര്‍ക്ക പട്ടിക ഇനിയും വര്‍ധിക്കും. ഇന്ന് 15 പേരുടെ പരിശോധനഫലമാണ് പുറത്ത് വരാനുണ്ടായിരുന്നത്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി സര്‍വകക്ഷി യോഗം ഇന്ന് ചേരും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, ജില്ലയിലെ മന്ത്രിമാരായ മുഹമ്മദ്‌ റിയാസ്, എ.കെ.ശശീന്ദ്രൻ, അഹമ്മദ്‌ ദേവര്‍കോവില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നിപ ഉറവിട കേന്ദ്രങ്ങള്‍ എന്ന് കരുതുന്ന പ്രദേശങ്ങളില്‍ ജില്ലയിലെത്തിയ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും.ഡോ ബാലസുബ്രമണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം വവ്വാലുകളില്‍ പരിശോധന നടത്തും.

Related News