ഞാൻ മന്ത്രിസ്ഥാനത്തിന് അര്‍ഹൻ; നേതൃത്വവുമായി നേരത്തെ ധാരണയുണ്ടാക്കിയിരുന്നു-തോമസ് കെ. തോമസ്

  • 15/09/2023

കൊച്ചി: മന്ത്രിസ്ഥാനത്തിന് അവകാശവാദവുമായി തോമസ് കെ. തോമസ് എം.എല്‍.എ. പാര്‍ട്ടി ധാരണ പ്രകാരം താൻ മന്ത്രിസ്ഥാനത്തിന് അര്‍ഹനാണെന്ന് അദ്ദേഹം പറഞ്ഞു. എതിര്‍ശബ്ദങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും എം.എല്‍.എ കുറ്റപ്പെടുത്തി.


സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് തോമസ് കെ. തോമസിന്റെ പ്രതികരണം. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് പീതാംബരൻ മാഷുമായും എ.കെ ശശീന്ദ്രനുമായും നേരത്തെ ധാരണ ഉണ്ടാക്കിയിരുന്നു. ഇക്കാര്യം ദേശീയ നേത്യത്വത്തിനും അറിയാം. കുട്ടനാട്ടില്‍നിന്ന് ഒരു മന്ത്രി ആവശ്യമാണ്. പാര്‍ട്ടിക്ക് ഒരു സംഭാവനയും നല്‍കാത്തവരാണ് ഇന്ന് പാര്‍ട്ടിയാണെന്ന് പറഞ്ഞുനടക്കുന്നതെന്നും തോമസ് കെ. തോമസ് മീഡിയവണിനോട് പറഞ്ഞു.

സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന വാര്‍ത്ത ഇന്നു രാവിലെ മീഡിയവണ്‍ പുറത്തുവിട്ടിരുന്നു. പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുന്നതിനൊപ്പം നിലവിലെ മന്ത്രിമാരില്‍ ചിലരുടെ വകുപ്പുകളില്‍ മാറ്റംവരാനും സാധ്യതയുണ്ട്. കെ.ബി ഗണേഷ് കുമാര്‍ മന്ത്രിസഭയിലെത്തുമെന്നതാണു പ്രധാന വാര്‍ത്ത. സ്പീക്കര്‍ എ.എൻ ഷംസീര്‍ മന്ത്രിസ്ഥാനത്തെത്തുമെന്നും പകരം വീണാ ജോര്‍ജ് സ്പീക്കറായേക്കുമെന്നും സൂചനയുണ്ട്.

Related News