സുഹൃത്തിന്‍റെ പരിചയക്കാരന്‍റെ ഇന്നോവ കാര്‍ സൂത്രത്തില്‍ തട്ടിയെടുത്ത് പണയം വച്ചു, 2 പേര്‍ പിടിയില്‍

  • 16/09/2023

പുതുപ്പള്ളി: യുവാവില്‍ നിന്നും വാഹനം കബളിപ്പിച്ചു വാങ്ങി മറ്റൊരാള്‍ക്ക് പണയം നല്‍കി പണം തട്ടിയ കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കാഞ്ഞിരത്തുമ്മൂട് ഭാഗത്ത് ആലപ്പാട്ട് വീട്ടില്‍ ഷിനു കൊച്ചുമോൻ, പനച്ചിക്കാട് കുഴിമറ്റം സദനം കവല ഭാഗത്ത് പണയില്‍ വീട്ടില്‍ ജിഷ്ണു എന്നിവരെയാണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.


ഇവര്‍ കഴിഞ്ഞമാസം 24ആം തീയതി വാകത്താനം പുത്തൻചന്ത വലിയപള്ളി ഭാഗത്ത് താമസിക്കുന്ന യുവാവില്‍ നിന്നും ഷിനു കൊച്ചുമോൻ തന്റെ വീട്ടുകാരുമായി യാത്ര പോകുന്നതിനു വേണ്ടി എന്ന് പറഞ്ഞു വിശ്വസിപ്പിച്ച്‌ യുവാവിന്റെ സുഹൃത്തിന്റെ കയ്യില്‍ ഉണ്ടായിരുന്ന ഇന്നോവ കാര്‍ യുവാവിനെ കൊണ്ട് വാങ്ങിയെടുത്തിരുന്നു. ഇതിനുശേഷം, ഷിനു കൊച്ചുമോനും ഇയാളുടെ സുഹൃത്തായ ജിഷ്ണുവുമായി ചേര്‍ന്ന് ഈ വാഹനം പുളിക്കല്‍ കവല സ്വദേശിക്ക് ഒരു ലക്ഷത്തി അമ്ബതിനായിരം രൂപയ്ക്ക് പണയപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ വാഹനം തിരികെ നല്‍കാതെ കബളിപ്പിച്ചു നടക്കുകയായിരുന്നു യുവാവ്.

സംഭവത്തില്‍ വാകത്താനം സ്വദേശിയായ യുവാവിന്റെ പരാതിയെ തുടര്‍ന്ന് വാകത്താനം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ നെടുമങ്ങാട് നിന്നും പിടികൂടുകയായിരുന്നു. ഷിനു കൊച്ചുമോന് കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ്, ചിങ്ങവനം, അയര്‍ക്കുന്നം എന്നീ സ്റ്റേഷനുകളിലും, ജിഷ്ണുവിന് കോട്ടയം ഈസ്റ്റ്, ചിങ്ങവനം, മുണ്ടക്കയം, എന്നീ സ്റ്റേഷനുകളിലും നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

Related News