തിരുവനന്തപുരത്ത് വീണ്ടും നിപ ആശങ്ക; ലക്ഷണങ്ങളുമായി രണ്ടുപേര്‍ നിരീക്ഷണത്തില്‍

  • 16/09/2023

നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി തിരുവനന്തപുരത്ത് 2 പേര്‍ പ്രത്യേക നിരീക്ഷണത്തില്‍. കാട്ടാക്കട സ്വദേശിയായ വീട്ടമ്മയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയായ കോഴിക്കോട് സ്വദേശിയുമാണ് പനി, ശ്വാസംമുട്ടല്‍ എന്നിവയെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്നത്. ഇവരുടെ സ്രവസാംപിള്‍ തോന്നയ്ക്കല്‍ ഐഎവി, പൂനെ എന്‍ഐവി എന്നിവിടങ്ങളിലേക്ക് വിശദ പരിശോധനയ്ക്കായി അയയ്ക്കും.

കോഴിക്കോട് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ശക്തമായ പനിയും തലവേദനയും ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. കാട്ടാക്കട മാറനല്ലൂര്‍ സ്വദേശിയായ വയോധികയെ പനിയുള്ളതിനാല്‍ ഐരാണിമുട്ടത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ നീരീക്ഷണത്തിലാക്കും. ഇവരുടെ ബന്ധുക്കള്‍ മുംബൈയില്‍നിന്ന് കോഴിക്കോട് വഴിയാണ് തിരുവനന്തപുരത്തെത്തിയത്. ബന്ധുക്കള്‍ കോഴിക്കോട് ഇറങ്ങിയില്ലെങ്കിലും ആശങ്കയെ തുടര്‍ന്നാണ് സാംപിള്‍ പരിശോധനയ്ക്ക് അയയ്ക്കുന്നത്.

അതേസമയം സംസ്ഥാനത്ത് പുതിയ നിപ്പ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പരിശോധിച്ചതില്‍ ഇതുവരെ 94 സാംപിളുകള്‍ നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു. ഇന്ന് 11 സാംപിളുകളാണ് നെഗറ്റീവായത്. മെഡിക്കല്‍ കോളജില്‍ 21 പേരാണ് ഐസലേഷനിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. 


Related News