കുടുംബ സമേതം കേരളത്തിലെത്തി, ജോലി ലോട്ടറികച്ചവടം; പക്ഷേ കേരള പൊലീസിന് സംശയം സത്യമായി

  • 17/09/2023

പത്തനംതിട്ട: പത്തനംതിട്ട തെക്കേമലയില്‍ പൊലീസ് സംശയകരമായ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത യുവാക്കള്‍ കൊലക്കേസ് പ്രതികള്‍. ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം പൊലീസ് കൃത്യമായി ചെയ്തപ്പോള്‍ പത്തനംതിട്ട ആറന്മുളയില്‍ പിടിയിലായത് കൊടുംകുറ്റവാളികളാണ്. കൊലപാതകം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട തമിഴ്നാട് തിരുനെല്‍വേലി സ്വദേശികളായ മാടസ്വാമി, സുഭാഷ് എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസിന്‍റെ പിടിയിലായത്. കേരളത്തിലേക്ക് ഒളിച്ചുകടന്ന ഇവര്‍ ലോട്ടറി കച്ചവടവും മറ്റുമായി കുടുംബസമേതം താമസിച്ചുവരികയായിരുന്നു.


തിരുനെല്‍വേലി പള്ളിക്കോട്ടൈ സ്വദേശികളായ സുഭാഷ്, മാടസ്വാമി എന്നിവരാണ് ആറന്മുള തെക്കേമലയില്‍ നിന്ന് പിടിയിലായത്. കൊലപാതകം അടക്കം 19 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മാടസ്വാമി, മൂന്ന് കൊലക്കേസ് ഉള്‍പ്പെടെ 11 കേസുകള്‍ സുഭാഷിന്‍റെ പേരിലുമുണ്ട്. സഹോദരങ്ങളാണ് ഇരുവരും. പിടികിട്ടാപ്പുളികളായി തമിഴ്നാട് പൊലീസ് പ്രഖ്യാപിച്ച ഇവര്‍ മാസങ്ങള്‍ക്ക് മുൻപ് കേരളത്തിലേക്ക് എത്തി. കോഴഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും ലോട്ടറി കച്ചവടം ഉള്‍പ്പെടെ നടത്തി കുടുംബസമേതം താമസിച്ചുവരികയായിരുന്നു.

ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന്‍റെ ഭാഗമായാണ് പൊലീസ് ഇവരെ സമീപിച്ചത്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഉമേഷ് ടി. നായര്‍, നാസര്‍ ഇസ്മായില്‍ എന്നിവര്‍ക്ക് തോന്നിയ സംശയമാണ് വഴിത്തിരവായത്. തിരുനെല്‍വേലിയില്‍ മുൻപ് ചെയ്തിരുന്ന ജോലി അടക്കം കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ വിവരങ്ങളാണ് ഇവര്‍ പങ്കുവെച്ചത്.

ഉടൻ തമിഴ്നാട് പൊലീസിനെ ആറന്മുള പൊലീസ് ബന്ധപ്പെട്ടു. ഇരുവരുടെയും ചിത്രങ്ങളും അയച്ചുകൊടുത്തതോടെ കൊടുംകുറ്റവാളികള്‍ എന്ന സ്ഥിരീകരണം കിട്ടി. കസ്റ്റഡിയിലെടുത്ത പ്രതികളെ തിരുനെല്‍വേലി പൊലീസിന് കൈമാറി.

Related News