പനി ഉള്ളവര്‍ ശബരിമല യാത്ര ഒഴിവാക്കണം; മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്

  • 18/09/2023

ശബരിമലയിലെ കന്നിമാസ പൂജയ്ക്ക് പോകുന്ന തീര്‍ത്ഥാടകരില്‍ പനി, ജലദോഷം, മറ്റ് ശ്വാസകോശ രോഗങ്ങള്‍ എന്നവയുള്ളവര്‍ യാത്ര ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശം. നിപ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. 

കണ്ടെയ്ൻമെന്റ് മേഖലയില്‍ നിന്ന് തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ ആരും പുറത്തുപോകാൻ പാടില്ല. മറ്റു പ്രദേശങ്ങളില്‍നിന്നു യാത്രചെയ്യുന്ന ഭക്തര്‍ കണ്ടെയ്ൻമെന്റ് മേഖലകള്‍ സന്ദര്‍ശിക്കുകയോ, അവിടങ്ങളില്‍ താമസിക്കുകയോ ചെയ്യരുത്. നിലവില്‍ ഏതെങ്കിലും രോഗങ്ങള്‍ക്ക് ചികിത്സിക്കുന്നവര്‍ ചികിത്സാരേഖകള്‍ കൈയില്‍ കരുതണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറ‍ഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും നിരന്തരം നിരീക്ഷിച്ച്‌ പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറ‍ഞ്ഞു. 

Related News