'എടീ അവൻ എന്നെ കുത്തി', യുവാവിൻ്റെ മൃതദേഹം പാടത്ത്; ഭാര്യയുമായി ബന്ധം സ്ഥാപിച്ചതില്‍ സുഹൃത്തിൻ്റെ പക?

  • 19/09/2023

പത്തനംതിട്ട: പുല്ലാട് അയിരക്കാവ് പാടത്ത് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പുല്ലാട് സ്വദേശി പ്രദീപി(39)ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നും പ്രദീപിന്റെ സുഹൃത്തായ മോൻസിയാണ് കൃത്യം നടത്തിയതെന്നുമാണ് പോലീസിന്റെ സംശയം. 


മോൻസിയുടെ ഭാര്യയും പ്രദീപും തമ്മിലുള്ള അടുപ്പമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന. മോൻസിയും പ്രദീപും സുഹൃത്തുക്കളായിരുന്നുവെന്നും പിന്നീട് മോൻസിയുടെ ഭാര്യയും പ്രദീപും തമ്മില്‍ അടുപ്പത്തിലായെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ജോലി കഴിഞ്ഞ് ഭാര്യ പ്രദീപിന്റെ വീട്ടില്‍വരുന്നതായും മോൻസി സംശയിച്ചു. തുടര്‍ന്ന് ഇയാള്‍ പ്രദീപിനെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. 

മോൻസിയുടെ ഭീഷണിയുണ്ടായിരുന്നതിനാല്‍ ഏതാനുംദിവസങ്ങളായി പ്രദീപ് വീട്ടിലെത്തിയിരുന്നില്ല. മോൻസിയെ ഭയന്ന് സുഹൃത്തുക്കളുടെ വീടുകളിലാണ് രാത്രി തങ്ങിയിരുന്നത്. കഴിഞ്ഞദിവസങ്ങളില്‍ പ്രദീപിനെ തിരഞ്ഞ് മോൻസി വീട്ടില്‍ വന്നിരുന്നതായും ഇവിടെ കാത്തുകിടന്നതായും നാട്ടുകാര്‍ പറയുന്നുണ്ട്. 

കഴിഞ്ഞദിവസം രാത്രിയാണ് പ്രദീപിന് നേരേ ആക്രമണമുണ്ടായതെന്നാണ് സൂചന. മോൻസിയുടെ ഭാര്യയുമായി ഫോണില്‍സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ഫോണില്‍ സംസാരിക്കുന്നതിനിടെ 'എടീ അവൻ എന്നെ കുത്തിയടീ' എന്ന് പ്രദീപ് പറഞ്ഞതായി മോൻസിയുടെ ഭാര്യ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പ്രദീപിനെ അന്വേഷിക്കാനായി സുഹൃത്തുക്കളെ വിളിച്ചുപറഞ്ഞു.

എന്നാല്‍, പോലീസ് സംഘവും സുഹൃത്തുക്കളും രാത്രി ഏറെനേരം തിരഞ്ഞിട്ടും പ്രദീപിനെ കണ്ടെത്താനായില്ല. ഇതിനുപിന്നാലെയാണ് മോൻസി രാത്രിവൈകി വീട്ടില്‍വന്നതായും ദേഹത്ത് ചെളിയുണ്ടായിരുന്നതായും ഭാര്യ സുഹൃത്തുക്കളെ അറിയിച്ചത്. അയാളെ തീര്‍ത്തിട്ടുണ്ടെന്നും ചവിട്ടി കണ്ടത്തില്‍ താഴ്ത്തിയിട്ടുണ്ടെന്നും മോൻസി മകളോട് പറഞ്ഞതായും ഭാര്യ അറിയിച്ചു. തുടര്‍ന്ന് പാടത്ത് തിരയാൻ ആവശ്യപ്പെട്ടെങ്കിലും രാത്രി പ്രദീപിനെ കണ്ടെത്താനായില്ല. പിന്നീട് രാവിലെ ഏഴുമണിയോടെ സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണ് പ്രദീപിനെ മരിച്ചനിലയില്‍ കണ്ടത്.

Related News