ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 3 സീറ്റ് വേണം: ഇടതുമുന്നണിയില്‍ ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് എം

  • 24/09/2023

കോട്ടയം: വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി ഇടതുമുന്നണിയില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കേരള കോണ്‍ഗ്രസ് എം. കോട്ടയത്തിനു പുറമേ രണ്ട് സീറ്റുകള്‍ അധികമായി വേണമെന്ന ആവശ്യം ഇടതുമുന്നണി യോഗത്തില്‍ ഉന്നയിക്കാൻ ഇന്നലെ കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി ഹൈപ്പവര്‍ കമ്മിറ്റി യോഗത്തില്‍ ധാരണയായി. കൂടുതല്‍ സീറ്റ് കിട്ടാൻ കേരള കോണ്‍ഗ്രസിന് യോഗ്യതയുണ്ടെന്ന് പാര്‍ട്ടി ചെയര്‍മാൻ ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു.


സിറ്റിങ്ങ് സീറ്റായ കോട്ടയം കേരള കോണ്‍ഗ്രസ് എമ്മിന് തന്നെയെന്ന് നേരത്തെ സിപിഎം ഉറപ്പു കൊടുത്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇതിനു പുറമേ ഒരു സീറ്റ് കൂടി നല്‍കാൻ ഇടതുമുന്നണി തയ്യാറാകും എന്ന പ്രതീക്ഷയിലാണ് മാണി ഗ്രൂപ്പ്. ഉന്നത സിപിഎം നേതാക്കളില്‍ നിന്ന് തന്നെ ഇക്കാര്യത്തില്‍ ചില ഉറപ്പുകള്‍ കിട്ടിയിട്ടുണ്ടെന്ന് പാര്‍ട്ടി ചെയര്‍മാൻ ജോസ് കെ മാണി കോട്ടയത്ത് ചേര്‍ന്ന ഹൈപ്പവര്‍ കമ്മിറ്റി യോഗത്തെ അറിയിച്ചു. 

പത്തനംതിട്ട , ചാലക്കുടി, വടകര എന്നീ സീറ്റുകളില്‍ ഒന്നാണ് കേരള കോണ്‍ഗ്രസ് അധികമായി ലക്ഷ്യമിടുന്നത്. ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലെ 3 നിയമസഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് എംഎല്‍എമാര്‍ ഉണ്ട് എന്നതാണ് പത്തനംതിട്ട ആവശ്യപ്പെടാനുള്ള കാരണം. ക്രൈസ്തവ വോട്ടുകള്‍ക്ക് പ്രാമുഖ്യം ഉള്ള മണ്ഡലം എന്ന നിലയിലാണ് ചാലക്കുടിയിലേക്ക് കേരള കോണ്‍ഗ്രസ് എം കണ്ണെറിയുന്നത്.

Related News