ജപ്തി നോട്ടീസില്‍ ആത്മഹത്യാ ശ്രമം; കൊരട്ടി കാതിക്കുടത്ത് മൂന്നംഗ കുടുംബം അവശനിലയില്‍

  • 25/09/2023

കൊരട്ടി കാതിക്കുടത്ത് മൂന്നംഗ കുടുംബത്തെ ഉറക്കഗുളിക കഴിച്ച്‌ അവശനിലയില്‍ കണ്ടെത്തി. കാതിക്കുടം സ്വദേശി തങ്കമണി (69) , മരുമകള്‍ ഭാഗ്യലക്ഷ്മി (48), അതുല്‍ കൃഷ്ണ (10) എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. പായസത്തില്‍ ഉറക്കഗുളിക കലര്‍ത്തി കഴിച്ചതാണെന്നാണ് പുറത്തുവരുന്ന സൂചന. 

ഈ കുടുംബം സഹകരണ ബാങ്കില്‍ നിന്ന് 22 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയപ്പോള്‍ ജപ്തിയായി മാറുകയായിരുന്നു. ഇതിനായി വീട്ടില്‍ നോട്ടിസ് പതിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് കുടുംബത്തിന്റെ പ്രവൃത്തിയെന്നാണ് കരുതുന്നത്. 10 വയസ്സുകാരനായ അതുല്‍ കൃഷ്ണ ഹൃദ്രോഗിയായിരുന്നു. ഈ കുട്ടിക്ക് വേണ്ടി നാട്ടുകാര്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് സംഭവമുണ്ടായത്.

നിലവില്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുടുംബം. ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവ് പുറത്ത് പോയപ്പോഴാണ് സംഭവം. പായസത്തില്‍ ഉറക്കഗുളിക കലര്‍ത്തി കഴിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയതില്‍ തങ്കമണിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. അതേസമയം, സംഭവത്തില്‍ കൊരട്ടി പൊലീസ് അന്വേഷണം തുടങ്ങി. 


Related News