പൊസിറ്റീവ് കേസുകളൊന്നുമില്ല; നിപയില്‍ ആശങ്ക അകന്ന് കോഴിക്കോട്

  • 26/09/2023

കോഴിക്കോട്: നിപയില്‍ ആശങ്ക അകലുന്നതിന്റെ ആശ്വാസത്തില്‍ കോഴിക്കോട്. പതിനൊന്നാം ദിവസവും പുതിയ നിപ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സമ്ബര്‍ക്കപ്പട്ടികയിലെ 915 പേരാണ് ഐസോലേഷനില്‍ കഴിയുന്നത്. ചികിത്സയിലുളളവരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. 

നിപ പരിശോധന വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഇടങ്ങളില്‍ ട്രൂ നാറ്റ് ടെസ്റ്റ് വ്യാപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായി തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബോറട്ടറിയിലും കോഴിക്കോട്, വയനാട്, മലപ്പുറം കണ്ണൂര്‍ ജില്ലകളിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 

നിപ പ്രതിരോധപ്രവ‍ര്‍ത്തനങ്ങളുടെ ഭാഗമായുളള നിയന്ത്രണങ്ങള്‍ വിലയിരുത്തി വിദഗ്ധ സമിതി ഇന്ന് ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും ചര്‍ച്ചയാകും. നിലവിലെ നിയന്ത്രണങ്ങള്‍ അടുത്തമാസം 1വരെ തുടരാനാണ് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസമിറക്കിയ ഉത്തരവിലെ നിര്‍ദ്ദേശം. ഇന്നലെ ജില്ലയിലെ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങി. കണ്ടെയ്ൻമെന്റ് സോണുകളില്‍ സ്കൂളുകള്‍ തുറക്കില്ല. ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ സ്കൂളുകളാണ് നിയന്ത്രണങ്ങളോടെ തുറക്കുന്നത്. 

Related News