ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ ജാമ്യത്തെ എതിര്‍ക്കാനായില്ല, കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ഷാരോണിന്റെ പിതാവ്

  • 27/09/2023

ഷാരോണ്‍ വധക്കേസില്‍ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ഷാരോണിന്റെ അച്ഛൻ ജയരാജ്. ഹൈക്കോടതിയില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചുവെന്നും ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിനെ എതിര്‍ക്കാൻ സാധിച്ചില്ലെന്നും ജയരാജ് പറഞ്ഞു. പണവും സ്വാധീനവും ഉപയോഗിച്ച്‌ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും ജയരാജ് ആരോപിച്ചു. നീതിക്കായി ഏത് അറ്റം വരെയും പോകും.


മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കുമെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ജയരാജ് പറഞ്ഞു. ഗ്രീഷ്മ വിദേശത്തേക്ക് കടക്കുമോ എന്ന് ഭയമുണ്ട്. കേസ് നീട്ടി കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടെന്നും ജയരാജ് സംശയമുന്നയിച്ചു.  ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു.

പത്ത് മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഗ്രീഷ്മ ജാമ്യത്തിലിറങ്ങിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഗ്രീഷ്മ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാൻ തയ്യാറായില്ല. തമിഴ്നാട്ടിലേക്ക് കേസ് മാറ്റണമെന്ന ആവശ്യത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ 'എന്റെ ആവശ്യങ്ങള്‍ ഞാൻ ഉള്ളവരോടു പറഞ്ഞോളാം. എനിക്ക് നിങ്ങളോടൊന്നും പറയാനില്ലെ'ന്നായിരുന്നു മറുപടി. 

അടുത്ത നടപടിയെന്താണെന്നുള്ളത് അതനുസരിച്ച്‌ തീരുമാനിക്കുമെന്ന് ഗ്രീഷ്മ പറഞ്ഞു. കേസ് തമിഴ്നാട്ടിലേക്ക് മാറ്റണമോ എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണോയെന്ന ചോദ്യത്തോട് അത് കോടതിയില്‍ ഉള്ള കാര്യമല്ലേ എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. കോടതിയിലുള്ള കാര്യങ്ങള്‍ കോടതി പരിഗണിക്കട്ടേയെന്ന് കൂടെയുണ്ടായിരുന്ന അഭിഭാഷകനും പറഞ്ഞു. കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് നില്‍ക്കാതെ ഗ്രീഷ്മ ബന്ധുക്കള്‍ക്കൊപ്പം പോവുകയായിരുന്നു.

Related News